കര്‍ണാടകാ മുഖ്യമന്ത്രി സിദ്ധരാമയ്യയെ വീണ്ടും വിവാദത്തില്‍.

11:15am 01/7/2016
download (8)
ബംഗലുരു: സ്‌കൂളുകളിലും കോളേജുകളിലും സ്വന്തം നേട്ടങ്ങള്‍ കുറിച്ചിട്ടുള്ള പുസ്തകം നിര്‍ബ്ബന്ധമാക്കി കര്‍ണാടകാ മുഖ്യമന്ത്രി സിദ്ധരാമയ്യയെ വീണ്ടും വിവാദത്തില്‍. നാനാതുറയില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പുസ്തകം പിന്‍ വലിച്ചിട്ടുണ്ടെങ്കിലും പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരേ പോരാടാനുള്ള ശക്തമായ ആയുധമാക്കി ഇതു മാറ്റിയേക്കുമെന്നാണ് സൂചനകള്‍.
‘ഇട്ടാ ഗുരി, ദിട്ടാ ഹെജേ്ജ’ എന്ന പേരിലുള്ള 300 രൂപ വിലവരുന്ന പുസ്തകം എല്ലാ സ്‌കൂളുകളിലെയും കോളേജുകളിലും ലൈബ്രറികളില്‍ രണ്ടു കോപ്പികള്‍ സൂക്ഷിക്കണമെന്ന് പൊതു നിര്‍ദേശ വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയതിന് പിന്നാലെ വിവാദവും തലപൊക്കിയത്. പണ്ഡിതന്‍ സാഷി മുരളിയ സിദ്ധരാമയ്യയെ കുറിച്ച് രചിച്ച ഒരു ലേഖനം ഉള്‍പ്പെടെ പുസ്തകത്തിലെ പ്രതിപാദ്യം സിദ്ധരാമയ്യയുടെ നേട്ടങ്ങളാണ്. പുണ്യാത്മാക്കളുടെ ചില സ്വഭാവങ്ങളോട് താരതമ്യപ്പെടുത്തി പോലും സിദ്ധരാമയ്യയെ പരാമര്‍ശിച്ചിട്ടുണ്ട്. സംഭവം വിവാദമാകുകയും എതിര്‍പ്പുകള്‍ ഉയരുകയും ചെയ്ത സാഹചര്യത്തില്‍ വകുപ്പ് സര്‍ക്കുലര്‍ പിന്‍ വലിച്ചു.
സംഭവത്തെകുറിച്ച് തനിക്കൊന്നും അറിയില്ലെന്ന നിലപാടാണ് സിദ്ധരാമയ്യ എടുത്തിരിക്കുന്നത്. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് സര്‍ക്കുലര്‍ പുറത്ത് വന്നിരിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. എന്നാല്‍ മന്ത്രിയുടെ അനുചരന്‍ കടന്നു പോകുന്നതിനായി 25 മിനിറ്റ് ട്രാഫിക് തടഞ്ഞു വെച്ചതിനെ തുടര്‍ന്ന് ഒരു വൃദ്ധ ആംബുലന്‍സില്‍ കിടന്ന് മരിച്ച സംഭവത്തിന്റെ അലകള്‍ അടങ്ങുന്നതിന് മുമ്പാണ് സിദ്ധരാമയ്യ പുതിയ വിവാദത്തില്‍ തലയിട്ടിരിക്കുന്നത്. അദ്ദേഹത്തിന് 70 ലക്ഷം രൂപയുടെ വാച്ച് സമ്മാനമായി കിട്ടിയ സംഭവത്തില്‍ അഴിമതി രഹിത ബ്യൂറോ അന്വേഷണം നടത്തിവരികയാണ്.