കലബുറഗി റാഗിങ്: അശ്വതി വീണ്ടും ആശുപത്രിയില്‍

07:11: AM 30/08/2016
images (6)
കോഴിക്കോട്: കര്‍ണാടകയിലെ കലബുറഗിയില്‍ സീനിയര്‍ വിദ്യാര്‍ഥിനികളുടെ റാഗിങ്ങിനിരയായ എടപ്പാളിലെ ദലിത് നഴ്സിങ് വിദ്യാര്‍ഥിനി അശ്വതിയെ തുടര്‍ചികിത്സക്കായി വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനക്കത്തെിയ പെണ്‍കുട്ടിക്ക് ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടും ഇടക്കിടെ ഛര്‍ദിയും അനുഭവപ്പെടുന്നതായി ബോധ്യമായതിനാലാണ് കിടത്തിച്ചികിത്സ നിര്‍ദേശിച്ചത്. ചൊവ്വാഴ്ച എന്‍ഡോസ്കോപി ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. രാവിലെ 10ന് സൂപ്പര്‍ സ്പെഷാലിറ്റി ബ്ളോക്കില്‍ ഗ്യാസ്ട്രോഎന്‍ററോളജി വിഭാഗം മേധാവി ഡോ. വര്‍ഗീസ് തോമസിന്‍െറ മേല്‍നോട്ടത്തിലാണ് എന്‍ഡോസ്കോപി ചെയ്യുന്നത്. തിങ്കളാഴ്ച രക്തപരിശോധന നടത്തി. ഗ്യാസ്ട്രോഎന്‍ററോളജി വാര്‍ഡിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. റാഗിങ്ങിനിടെ ക്ളീനിങ് ലോഷന്‍ വായിലേക്കൊഴിച്ചതുമൂലം പൊള്ളുകയും ചുരുങ്ങുകയും ചെയ്ത അന്നനാളം പൂര്‍ണമായും വികസിക്കുന്നതിന് ആറുമാസത്തോളം എന്‍ഡോസ്കോപി ചെയ്യേണ്ടിവരുമെന്ന് ഡോ. വര്‍ഗീസ് തോമസ് പറഞ്ഞു.

റാഗിങ്ങിനിരയായി ജൂണ്‍ രണ്ടിന് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അശ്വതി ജൂലൈ 19നാണ് ആശുപത്രി വിട്ടത്. ഇതിനുശേഷം ഒരു തവണ എന്‍ഡോസ്കോപി നടത്തിയിരുന്നു. ഖരരൂപത്തിലുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ കഴിക്കുമ്പോഴാണ് അന്നനാളത്തിന് ബുദ്ധിമുട്ടനുഭവപ്പെടുന്നത്. ഇതിനാല്‍ കഞ്ഞിയും മറ്റും ജ്യൂസ് രൂപത്തിലാക്കിയാണ് ഏറെയും കഴിക്കാറുള്ളതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

അതിനിടെ, ഈമാസം 22ന് തുടര്‍പഠനത്തിനായി അശ്വതി ജെ.ഡി.ടി ഇസ്ലാം ട്രസ്റ്റിന്‍െറ നഴ്സിങ് കോളജില്‍ ചേര്‍ന്നു. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെ അശ്വതിയുടെ പഠനവും താമസവുമുള്‍പ്പെടെ കാര്യങ്ങള്‍ ജെ.ഡി.ടി ട്രസ്റ്റ് ഏറ്റെടുത്തിരുന്നു. കലബുറഗിയിലെ അല്‍ഖമര്‍ കോളജ് ഓഫ് നഴ്സിങ്ങില്‍ ആറുമാസത്തോളം പഠിച്ചെങ്കിലും ജെ.ഡി.ടിയില്‍ പുതിയ ബാച്ചിലാണ് ചേര്‍ന്നത്. ക്ളാസ് തുടങ്ങിയിട്ടുണ്ടെങ്കിലും ഓണം കഴിയുമ്പോഴേക്കേ അശ്വതിക്ക് ക്ളാസില്‍ എത്താന്‍ കഴിയൂ എന്നാണ് കരുതുന്നത്. ഇതിനായി ആരോഗ്യവതിയാണെന്ന ഡോക്ടറുടെ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയും വേണം.
അതിനിടെ, അഡ്മിഷന്‍ സമയത്ത് അല്‍ഖമര്‍ കോളജില്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകള്‍ ഇതുവരെ തിരികെ ലഭിച്ചിട്ടില്ല. ഇത് തിരിച്ചുകിട്ടുന്നതിനായി ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഉടന്‍ ലഭ്യമാക്കാമെന്ന് കൗണ്‍സില്‍ അംഗങ്ങള്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ജെ.ഡി.ടി നഴ്സിങ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. പി. സുനിത പറഞ്ഞു. സര്‍ട്ടിഫിക്കറ്റ് തിരികെ ലഭിക്കുന്നതിനായി അശ്വതിയുടെ വക്കീല്‍ അഡ്വ. കെ.പി. മുഹമ്മദ് ഷാഫി കോളജ് അധികൃതര്‍ക്ക് കത്തയച്ചിട്ടുണ്ടെങ്കിലും ഇതുവരെ പ്രതികരണമുണ്ടായിട്ടില്ല.