കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

10.11 PM 08-06-2016
kaloorstadium2
കൊച്ചി: 2017 ല്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ കേരളത്തിലെ വേദിയായി മാറുന്ന കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ്ന പ്രകാശനം നവംബര്‍ 14 ന് കൊച്ചിയില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍,അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി എന്നിവരുടെ നേതൃത്വത്തില്‍ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയിലെത്തിയത്. ഫിഫയുടെ മാനദണ്ഡമനുസരിച്ചുള്ള സ്‌റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണെന്ന്് യോഗം വിലയിരുത്തി.ഒക്ടോബറില്‍ ഫിഫയുടെ നേതൃത്വത്തിലുള്ള സംഘം സ്റ്റേഡിയം സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതിനുശേഷം പ്രഖ്യാപനമുണ്ടാകും.തുടര്‍ന്ന് ചാമ്പ്യന്‍ഷിപ്പിന്റെ രാജ്യന്തര തലത്തിലുള്ള ലോഞ്ചിംഗും ഭാഗ്യചിഹ്ന പ്രകാശനവും നവംബര്‍ 14 ന് നടത്താനാണ് യോഗത്തില്‍ തീരുമാനമുണ്ടായിരിക്കുന്നത്്.ഇതോടെ ചാമ്പ്യന്‍ഷിപ്പിന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം വേദിയാകുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്.ഡല്‍ഹി,മുംബൈ,ഗോവ,ഗൗഹാട്ടി,കല്‍ക്കട്ട എന്നിവയാണ് ചാമ്പ്യന്‍ഷിപ്പിന് വേദിയാകുന്ന മറ്റു സ്ഥലങ്ങള്‍. കൊച്ചിയില്‍ എട്ടു മല്‍സരങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗ്രൂപ്പുതലത്തിലുള്ള ആറു മല്‍സരങ്ങളും ഒരു പ്രീക്വാര്‍ട്ടറും, ഒരു ക്വാര്‍ട്ടര്‍ മല്‍സരവും കൊച്ചിക്കു ലഭിക്കുമെന്നാണ് കരുതുന്നത്.അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്് കേരളത്തിന് ലഭിച്ച മികച്ച അവസരമായിട്ടാണ് സര്‍ക്കാര്‍ കാണുന്നതെന്ന് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.2017 ഒക്ടോബറിലാണ് ലാണ് ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നതെങ്കിലും ഈ വര്‍ഷം ഒക്ടോബറില്‍ കേരളത്തില്‍ കൊച്ചി വേദിയാകുമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും.അക്കാര്യത്തില്‍ ശുഭപ്രതീക്ഷയോടെയാണ് മുന്നോട്ട് നീങ്ങുന്നത്.കലൂര്‍ സ്‌റ്റേഡിയം രാജ്യന്തര തലത്തിലുള്ളതാണെങ്കിലും സ്‌റ്റേഡിയത്തിന് രാജ്യാന്തര നിലവാരം വേണ്ടതായിട്ടുണ്ട്.ഇത് പ്രാവര്‍ത്തികമാക്കിയതിനുശേഷം ഫിഫയുടെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പങ്കാളിത്തം വഹിച്ചുകൊണ്ട് മൈതാനം രാജ്യാന്തര നിലവാരത്തില്‍ സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.നവംബറില്‍ ലോഞ്ചിംഗ് നടത്താനാണ് ലക്ഷ്യമിടുന്നത്.അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കേരളത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനുളള അവസരം കൂടിയാണെന്നും ഇതിന് എല്ലാവരുടെയും പിന്തുണയും സഹകരണവും അനിവാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.