കല്ലട പദ്ധതിയുടെ ഇടതുകര കനാല്‍ തുറന്നു

02:52pm
09/02/2016
maxresdefault
പുനലൂര്‍: കേരളത്തിലെ വലിയ കാര്‍ഷിക ജലസേചന പദ്ധതിയായ കല്ലട പദ്ധതിയില്‍നിന്ന് വേനല്‍ക്കാല ജലവിതരണം ഭാഗികമായി ആരംഭിച്ചു. കടുത്ത വേനല്‍ കണക്കിലെടുത്ത് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നേരത്തേയാണ് ജലവിതരണം. ഇടതുകര കനാല്‍ തുറന്നതോടെ കൊട്ടാരക്ക, കൊല്ലം താലൂക്കൂകളില്‍ പൂര്‍ണമായും പുനലൂര്‍, പത്തനാപുരം താലൂക്കുകളില്‍ ഭാഗികമായും വെള്ളം ലഭിക്കും.
എന്നാല്‍ പുനലൂര്‍, പത്തനാപുരം, കോന്നി, അടൂര്‍, കുന്നത്തൂര്‍, കരുനാഗപ്പള്ളി, കോഴഞ്ചേരി, മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളില്‍ പൂര്‍ണമായി വെള്ളം ലഭിക്കുന്ന വലതുകര കനാല്‍ തുറക്കാന്‍ ഇനിയും വൈകുമെന്ന് കെ.ഐ.പി അധികൃതര്‍ പറഞ്ഞു.
കനാല്‍ തുറന്നതോടെ പരിസരത്തെ കുടിവെള്ള സ്രോതസ്സുകളില്‍ ജിലനിരപ്പ് ഉയരുകയും കുടിവെള്ള ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരമാകുകയും ചെയ്യും. അറ്റകുറ്റപ്പണി പൂര്‍ത്തിയാകാത്തതിനാലാണ് വലിയ കനാലായ വലതുകരയിലെ ജലവിതരണം വൈകുന്നത്. ഇടതുകര കനാല്‍ തിങ്കളാഴ്ച രാവിലെ 11നാണ് തുറന്നത്. 60 സെന്റിമീറ്റര്‍ അളവിലാണ് ഇപ്പോള്‍ വെള്ളം ഒഴുക്ക്. തെന്മല ഡാമില്‍നിന്ന് വൈദ്യുതി ഉല്‍പാദനം കഴിഞ്ഞ് പുറത്തേക്ക് ഒഴുകുന്ന വെള്ളം ഒറ്റക്കല്‍ തടയണയില്‍ ശേഖരിച്ച ശേഷമാണ് കനാലിലൂടെ ഒഴുക്കുന്നത്. ഇടതുകര കനാലിന്റെ തുടക്കത്തില്‍ പലയിത്തും വനത്തിലൂടെയാണ് കടന്നുപോകുന്നത്.
ഈ ഭാഗത്ത് ചപ്പുചവറുകളും തടിയും അടിഞ്ഞതിനാല്‍ ഒഴുക്ക് തടസ്സപ്പെടാനും കനാല്‍ തകരാനും സാധ്യതയുള്ളതിനാലാണ് കുറഞ്ഞ അളവില്‍ വെള്ളം ഒഴുക്കുന്നത്.
അപകടാവസ്ഥ ഇല്‌ളെന്ന് ബോധ്യമായാല്‍ അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ വെള്ളം തുറന്നുവിടും. വലതുകര കനാല്‍ 11ന് തുറക്കാനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാല്‍, കനാലിലെ തടസ്സങ്ങള്‍ നീക്കാന്‍ ചിലയിടങ്ങളില്‍ താമസം വന്നതാണ് നീണ്ടുപോകാന്‍ കാരണം.