04:19 PM 06/06/2016
ജനീവ: നികുതി വെട്ടിപ്പും കള്ളപ്പണവും തടയുന്നതിനാണ് ഇന്ത്യയുടെയും സ്വിറ്റ്സർലൻഡിെൻറയും മുഖ്യപരിഗണനയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വിസ് പ്രസിഡൻറ് യൊഹാൻ ഷ്നീഡറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംയുക്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആണവ വിതരണ കൂട്ടായ്മ(എൻ.എസ്.ജി) യിലെ ഇന്ത്യയുടെ അംഗത്വത്തിന് സ്വിറ്റ്സർലൻഡ് പിന്തുണ നൽകും. യു.എൻ സുരക്ഷ സമിതിയിലെ അംഗത്വത്തിന് ഇന്ത്യയും സ്വിറ്റ്സർലൻഡും പരസ്പരം പിന്തുണക്കാനും ധാരണയായി.
അഞ്ചു രാഷ്ട്രങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി ഖത്തറിൽൽ നിന്നാണ് മോദി ഇന്ന് സ്വിറ്റ്സർലൻഡിലെത്തിയത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധം സുദൃഢമാണെന്ന് സംയുക്ത പ്രസ്താവനയിൽ മോദി പറഞ്ഞു. ഇന്ത്യയുടെ വികസന ആവശ്യങ്ങളിൽ പങ്കുവഹിക്കാനുള്ള കഴിവ് സ്വിറ്റ്സർലൻഡിനുണ്ട്. സ്വിറ്റ്സർലൻഡിൽ നിന്നുള്ള സന്ദർശകർക്ക് ഇ ടൂറിസ്റ്റ് വിസ നൽകും. സ്വിസ് കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിച്ച മോദി ടെന്നിസ് താരം മാർട്ടിന ഹിൻഗിസും ഇന്ത്യൻ താരങ്ങളായ ലിയണ്ടർ പേസും
സാനിയ മിർസയും തമ്മിലുള്ള പാർട്ണഷിപ് ചൂണ്ടിക്കാട്ടിയാണ് പ്രസംഗം അവസാനിപ്പിച്ചത്.