കള്ളപ്പണം വെളുപ്പിക്കാന്‍ അവസരം :ആദായ നികുതി വകുപ്പ് പട്ടിക പുറത്തുവിട്ടു.

12:10pm 28/06/2016
images (4)
ന്യൂഡല്‍ഹി: കള്ളപ്പണത്തിന്‍െറ പരിധിയില്‍ വരുന്ന ആസ്തികളുടെ മൂല്യം നിര്‍ണയിച്ചു നല്‍കുന്ന രജിസ്റ്റര്‍ ചെയ്യപ്പെട്ട ഏജന്‍സികളുടെ പട്ടിക ആദായ നികുതി വകുപ്പ് പുറത്തുവിട്ടു. ഇതുവഴി ആര്‍ക്കെങ്കിലും നികുതിയടക്കാത്ത സ്വന്തം ആസ്തികളുടെയും ഫണ്ടുകളുടെയും വിവരം പുറത്തുവിടണമെന്നുണ്ടെങ്കില്‍ അവയുടെ ശരിയായ മൂല്യം തിട്ടപ്പെടുത്താന്‍ ഈ ഏജന്‍സികളെ സമീപിക്കാനാവും. ആഭ്യന്തരമായി കൈവശമുള്ള കള്ളപ്പണ നിക്ഷേപത്തെ വെളുപ്പിക്കാനുള്ള ഏകജാലക സംവിധാനമാണിത്.
ആദായ നികുതി വകുപ്പിന്‍െറ ഒൗദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയ വിവരം അനുസരിച്ച് ഇന്‍കം ഡിക്ളറേഷന്‍ സ്കീം(ഐ.ഡി.എസ്) 2016 എന്ന ഈ സംവിധാനത്തിലൂടെ സ്ഥാവര സ്വത്തുക്കള്‍, ആഭരണങ്ങള്‍, സ്ഥലം, ഓഹരികള്‍, യന്ത്രസംവിധാനങ്ങള്‍, കൃഷി നിലം, പണയ വസ്തുക്കള്‍ തുടങ്ങിയവയുടെ ശരിയായ മൂല്യം തിട്ടപ്പെടുത്താം. മൂല്യനിര്‍ണയ ഏജന്‍സികളുടെ പട്ടിക www.incometaxindia.gov.in ല്‍ ലഭിക്കും. ഈ മാസം മുതല്‍ രാജ്യത്തുടനീളം ഇവരുടെ സേവനം ലഭ്യമാവുമെന്നും ഉടമകള്‍ക്ക് മൂല്യനിര്‍ണയ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.