കള്ളപ്പണക്കാര്‍ക്ക് ഒരവസരം കൂടി; നിയമഭേദഗതി പാര്‍ലമെന്‍റില്‍

10:56 am 29/11/2016
download
ന്യൂഡല്‍ഹി: കനത്ത നികുതി അടച്ച് അവിഹിത സമ്പാദ്യത്തില്‍ ഒരു പങ്ക് നിയമവിധേയമാക്കാന്‍ കള്ളപ്പണക്കാര്‍ക്ക് അവസരം നല്‍കുന്ന ആദായനികുതി നിയമ ഭേദഗതി ബില്‍ പാര്‍ലമെന്‍റില്‍. മുന്തിയ നോട്ടുകള്‍ അസാധുവാക്കിയശേഷം ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ച അവിഹിത സമ്പാദ്യത്തിന് നികുതിയും പിഴയും സര്‍ചാര്‍ജും അടക്കം 50 ശതമാനം തുക ഈടാക്കാനാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തിങ്കളാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ച ബില്‍ വ്യവസ്ഥ ചെയ്യുന്നത്. അവിഹിത സമ്പാദ്യം വെളിപ്പെടുത്താതെ പിടിയിലായാല്‍ 50ന് പകരം 85 ശതമാനം പിഴ ചുമത്തും. വെളിപ്പെടുത്തുന്ന അവിഹിത സമ്പാദ്യത്തിന്‍െറ നാലിലൊന്ന് ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിക്കായി നിക്ഷേപിക്കണം. ഈ തുക നാലു വര്‍ഷത്തിന് ശേഷമല്ലാതെ തിരിച്ചെടുക്കാന്‍ അനുവദിക്കില്ല. പലിശയും നല്‍കില്ല.

500 രൂപ, 1000 രൂപ നോട്ടുകളിലായി സൂക്ഷിച്ച അവിഹിത സ്വത്ത് വെളിപ്പെടുത്താന്‍ തയാറുള്ളവര്‍ വെളിപ്പെടുത്താത്ത വരുമാനത്തിന് 30 ശതമാനം നികുതിയടക്കണം. ഇതിനുപുറമെ 10 ശതമാനം പിഴ, പ്രധാനമന്ത്രി ഗരീബി കല്യാണ്‍ യോജന സെസായി നികുതിയുടെ (30 ശതമാനത്തിന്‍െറ) മൂന്നിലൊന്ന് എന്നിവയും നല്‍കണം. പ്രധാനമന്ത്രി ദരിദ്രക്ഷേമ പദ്ധതി പ്രകാരം വെളിപ്പെടുത്തുന്ന സമ്പാദ്യത്തിന്‍െറ സ്രോതസ്സ് ചോദിക്കില്ല. മറ്റ് നികുതികള്‍ ചുമത്തില്ല. എന്നാല്‍, വിദേശ കറന്‍സി വിനിമയ നിയമം പോലുള്ളവയില്‍ ഇളവുണ്ടാകില്ല. ഈ പദ്ധതിവഴി ലഭിക്കുന്ന പണം ജലസേചനം, പാര്‍പ്പിടം, ടോയ്ലറ്റ്, അടിസ്ഥാന സൗകര്യം, പ്രൈമറി വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ചെലവാക്കും. കള്ളപ്പണം വെളിപ്പെടുത്താതിരിക്കുന്നവരില്‍നിന്ന് കണ്ടത്തെിയാല്‍ 60 ശതമാനം നികുതിയും15 ശതമാനം സര്‍ച്ചാര്‍ജും ഉള്‍പ്പെടെ 75 ശതമാനം തുക ഈടാക്കും. പുറമേ, ആദായ നികുതി അധികൃതര്‍ക്ക് വേണമെങ്കില്‍ 10 ശതമാനം പിഴയും ചുമത്താവുന്നതാണ്. ഇതുകൂടി ചേര്‍ത്താല്‍ മൊത്തം സര്‍ക്കാരിലേക്ക് നല്‍കേണ്ട നികുതി 85 ശതമാനമാകും.