01.04 PM 11/11/2016
വാഷിംഗ്ടൺ: കള്ളപ്പണവും കള്ളനോട്ടും തടയുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഐഎംഎഫിന്റെ പിന്തുണ. നോട്ടുകൾ പിൻവലിച്ചുകൊണ്ടുള്ള സർക്കാർ നീക്കം പ്രശംസാർഹമാണെങ്കിലും സമ്പദ്വ്യവസ്‌ഥയെ പ്രതികൂലമായി ബാധിക്കാതെ ശ്രദ്ധിക്കണമെന്ന് ഐഎംഎഫ് മുന്നറിയിപ്പും നൽകുന്നുണ്ട്.
അഴിമതിയും കള്ളപ്പണ, കള്ളനോട്ടുകളുടെ ഒഴുക്കും തടയുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പൂർണാർഥത്തിൽ പിന്തുണയ്ക്കുന്നു. ഇന്ത്യൻ സമ്പദ്വ്യവസ്‌ഥയിൽ കറൻസി നോട്ടുകൾക്ക് വൻ സാധ്യതയും പങ്കുമാണുള്ളത്. അതുകൊണ്ടുതന്നെ നോട്ട് പിൻവലിക്കൽ സമ്പദ്വ്യവസ്‌ഥയെ പ്രതികൂലമായി ബാധിക്കാൻ പാടില്ല– ഐഎംഎഫ് വക്‌താവ് ഗെരി റൈസ് പറഞ്ഞു.
ചൊവ്വാഴ്ച നോട്ടുകൾ പിൻവലിച്ചശേഷം വ്യാഴാഴ്ചയാണ് ബാങ്കുകൾ തുറന്നത്. വിപണിയിൽനിന്നു പിൻവലിക്കപ്പെട്ട നോട്ടുകൾ മാറിയെടുക്കുന്നതിനുവേണ്ടി ബാങ്കുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.