കശ്മീരിലെ പ്രതിപക്ഷം രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

07:04 PM 20/08/2016
download (4)
ന്യൂഡല്‍ഹി: മുന്‍ കശ്മീര്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്ദുല്ലയുടെ നേതൃത്വത്തില്‍ കശ്മീരിലെ പ്രതിപക്ഷാംഗങ്ങള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. കശ്മീര്‍ വിഷയത്തില്‍ അടിയന്തരപരിഹാരത്തിന് കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ടത്. കശ്മീരില്‍ സൈനിക മേധാവികളുടെ ഇടപെടലുകളും രാഷ്ട്രപതിയുമായി ചര്‍ച്ചചെയ്തു.

സര്‍ക്കാറില്‍ നിന്നും കശ്മീര്‍ ജനത കേള്‍ക്കാനിരിക്കുന്ന പ്രസ്താവനകളാണ് സേനാ മേധാവികളില്‍ നിന്നുമുണ്ടാകുന്നതെന്ന് ഉമര്‍ അബ്ദുല്ല പറഞ്ഞു. വ്യത്യസ്ത മാനസികാവസ്ഥയിലുള്ള കശ്മീരിലെ ജനങ്ങളുമായി നേരിട്ട് സംവദിക്കുമെന്ന് കരസേന നോര്‍ത്തേണ്‍ കമാന്‍ഡര്‍ പ്രസ്താവിച്ചിരുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ എന്തുകൊണ്ട് രാഷ്ട്രീയ നേതൃത്വങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ളെന്നും അദ്ദേഹം ആരാഞ്ഞു.
കശ്മീരില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അക്രമങ്ങള്‍ തടയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കഴിഞ്ഞില്ളെന്ന് അറിയിച്ച് കശ്മീര്‍ പ്രതിപക്ഷം തയാറാക്കിയ മെമ്മറാന്‍്റം രാഷ്ട്രപതിക്ക് മുന്നില്‍ സമര്‍പ്പിച്ചു.

കശ്മീര്‍ സംഘര്‍ഷം തുടര്‍ന്നുകൊണ്ടിരിക്കയാണ്. കശ്മീരില്‍ എല്ലാവരും ഒരു പിന്‍മാറ്റമാണ് ആഗ്രഹിക്കുന്നതെന്നും നിലവിലെ സംഘര്‍ഷാവസ്ഥകളില്‍ നിന്ന് മാറാന്‍ എല്ലാവരും ഒരുമിച്ചുകൊണ്ടുള്ള ചര്‍ച്ചകള്‍ വേണമെന്നും നോര്‍ത്തേണ്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ ഡി.എസ് ഹൂഡ വ്യക്തമാക്കിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ പരമാവധി നിയന്ത്രണം പാലിക്കണമെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസ് സ്റ്റേഷനുകളുമെല്ലാം ആക്രമിക്കപ്പെടരുത് എന്നുതന്നെയാണെന്നും ഹൂഡ വ്യക്തമാക്കിയിരുന്നു.