കശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ മൂന്ന് ജവാന്മാര്‍ കൊല്ലപ്പെട്ടു

07:48am 04/06/2016
PTI9_28_2013_000084B_Kand (1)
ശ്രീനഗര്‍: തെക്കന്‍ കശ്മീരില്‍ ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ ബിജ്ബിഹാരക്കടുത്ത് സൈനികവ്യൂഹത്തിനുനേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് ബി.എസ്.എഫ് ജവാന്മാര്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.ഹെഡ് കോണ്‍സ്റ്റബ്ള്‍ ഗിരീഷ്കുമാര്‍ ശുക്ള, കോണ്‍സ്റ്റബ്ള്‍ മഹീന്ദര്‍ റാം, ഹവില്‍ദാര്‍ ദിനേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. അവധിക്കുശേഷം തിരികെയത്തെുന്ന സൈനികരുമായി ജമ്മുവില്‍നിന്ന് ശ്രീനഗറിലേക്കുവന്ന 23 വാഹനങ്ങള്‍ക്കുനേരെയാണ് തീവ്രവാദികള്‍ പതിയിരുന്നാക്രമിച്ചത്. സി.ആര്‍.പി.എഫിന്‍െറയും രാഷ്ട്രീയ റൈഫ്ള്‍സിന്‍െറയും സേനാംഗങ്ങള്‍ മേഖലയില്‍ കുതിച്ചത്തെി. ബി.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ കെ.കെ ശര്‍മ സ്ഥലം സന്ദര്‍ശിച്ചു.

തീവ്രവാദിസംഘടനകളൊന്നും സംഭവത്തിന്‍െറ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. എന്നാല്‍, നിരോധിത ഹിസ്ബുല്‍ മുജാഹിദീനാണ് ആക്രമണത്തിന് പിന്നിലെന്നാണ് സുരക്ഷാസേനകളുടെ നിഗമനം. പത്തുദിവസം മുമ്പ് ഹിസ്ബുല്‍ മുജാഹിദീന്‍ ശ്രീനഗര്‍ പട്ടണത്തില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ മൂന്ന് പൊലീസുകാരെ കൊലപ്പെടുത്തിയിരുന്നു. സമാന ആക്രമണങ്ങള്‍ തുടരുമെന്നും സംഘടന ഭീഷണിപ്പെടുത്തിയിരുന്നു.