കശ്മീരില്‍ വര്‍ഷിച്ചത് 17 ലക്ഷത്തോളം പെല്ലറ്റുകള്‍

10:31 am 19/08/2016
download (4)
ശ്രീനഗര്‍: ജൂലൈ എട്ടിനുശേഷം കശ്മീരില്‍ പ്രക്ഷോഭകര്‍ക്കുനേരെ 17 ലക്ഷത്തോളം പെല്ലറ്റ് ഉപയോഗിച്ചതായി സി.ആര്‍.പി.എഫിന്‍െറ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. പെല്ലറ്റ് ഗണ്‍ ഉപയോഗം നിരോധിക്കണമെന്നാവശ്യപ്പെടുന്ന പൊതുതാല്‍പര്യ ഹരജിക്ക് മറുപടിയായി ജമ്മു കശ്മീര്‍ ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് അര്‍ധസൈനിക വിഭാഗം ഇക്കാര്യം വ്യക്തമാക്കുന്നത്.

പോയന്‍റ് ഒമ്പതാം നമ്പറില്‍പെട്ട 450 ലോഹ ഉണ്ടകളടങ്ങിയ 3765 കൂടുകള്‍ ആഗസ്റ്റ് 11വരെ കശ്മീരില്‍ ഉപയോഗിച്ചതായി സി.ആര്‍.പി.എഫ് കോടതിയെ ബോധിപ്പിച്ചു. എന്നാല്‍, സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ ജനക്കൂട്ടത്തെ നേരിടാന്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കാന്‍ കഴിഞ്ഞിട്ടില്ളെന്നും സൈന്യം വ്യക്തമാക്കുന്നു.

മാരകവും മാരകമല്ലാത്തതുമായ 14 ഇനത്തില്‍പെട്ട ആയുധങ്ങളും കശ്മീരില്‍ പ്രയോഗിച്ചിട്ടുണ്ട്. ഇതില്‍ ഒലിയോറെസിന്‍ ഗ്രനേഡ്, പെപ്പര്‍ ബാള്‍, സ്റ്റണ്‍ ഗ്രനേഡ്, വൈദ്യുതി ഷെല്‍ എന്നിവയുള്‍പ്പെടുന്നു. 8650 കണ്ണീര്‍വാതക ഷെല്ലുകളും 2671 പ്ളാസ്റ്റിക് പെല്ലറ്റുകളും ഉപയോഗിച്ചു. അനിയന്ത്രിതമായ പെല്ലറ്റ് ഗണ്‍ ഉപയോഗത്തെപ്പറ്റി പരിശോധിക്കാന്‍ ആഭ്യന്തരമന്ത്രാലയം ഒരു സമിതിയെ നിയോഗിച്ചിട്ടുമുണ്ട്.