കശ്മീരില്‍ സുരക്ഷാ സേനക്ക് നേരെ ഗ്രനേഡ് ആക്രമണം

11-10-2016 01.38 PM
image_760x400 (2)
കശ്മീരില്‍ സുരക്ഷാ സേനയ്ക്ക് നേരെ ഒരു കൂട്ടം തീവ്രവാദികള്‍ ഗ്രനേഡ് ആക്രമണം നടത്തി. ഇന്ന് രാവിലെയാണ് ഷോപ്പിയാനില്‍ അര്‍ദ്ധ സൈനിക വിഭാഗത്തിന്റെ വാഹന വ്യൂഹത്തിന് നേരെ തീവ്രവാദി ആക്രമണമുണ്ടായത്. ഒരു സൈനികനും ഏഴ് നാട്ടുകാര്‍ക്കുമുള്‍പ്പെടെ എട്ട് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഷോപ്പിയാന്‍ പട്ടണത്തില്‍ വെച്ചാണ് വാഹനങ്ങള്‍ക്ക് നേരെ താവ്രവാദികള്‍ ഗ്രനേഡ് എറിഞ്ഞത്. എന്നാല്‍ ലക്ഷ്യം തെറ്റി ഇത് അല്‍പ്പം അകലെ റോഡില്‍ വീണ് പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം.
അതേസമയം കശ്മീരിലെ പാംപോറില്‍ ഒരു സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഒളിച്ചിരിക്കുന്ന തീവ്രവാദികളെ കീഴ്‌പ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തിങ്കളാഴ്ച രാവിലെ ആരംഭിച്ച ഏറ്റുമുട്ടല്‍ 24 മണിക്കൂറുകള്‍ക്ക് ശേഷവും തുടരുകയാണ്. കെട്ടിടത്തിന്റെ രണ്ടാ നിലയിലാണ് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇതേ കെട്ടിടത്തില്‍ കടന്ന തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിനിടെ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി കെട്ടിടത്തിനകത്തേക്ക് കയറി ഇവരെ ആക്രമിക്കേണ്ടെന്ന നിലപാടാണ് സൈന്യം സ്വീകരിച്ചിരിക്കുന്നത്. പകരം കെട്ടിടം വളഞ്ഞ് പുറത്ത് നിന്ന് ആക്രമണം നടത്തുകയാണ്. ഏറ്റുമുട്ടലില്‍ ഒരു സൈനികന് കൂടി ഇന്ന് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്നലെയും ഒരു സൈനികന് പരിക്കേറ്റിരുന്നു.