കശ്മീര്‍ സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം 21 ആയി.

10;01 AM 11/07/2016
download (2)
ശ്രീനഗര്‍: ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തെതുടര്‍ന്ന് കശ്മീരില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം 21 ആയി. സംഘര്‍ഷം തുടരുന്ന താഴ്വരയില്‍ ഞായറാഴ്ച മാത്രം കൊല്ലപ്പെട്ടത് ആറുപേരാണ്.
ക്രമസമാധാന പ്രശ്നം പരിഗണിച്ച് താഴ്വരയില്‍ കര്‍ഫ്യൂ നിലനില്‍ക്കുകയാണ്. 15 പേര്‍ സുരക്ഷാസേനയുടെ വെടിയേറ്റും മറ്റുള്ളവര്‍ സംഘര്‍ഷത്തിനിടെയുണ്ടായ അപകടത്തിലുമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. അനന്ത്നാഗ് ഭാഗത്ത് പ്രക്ഷോഭകര്‍ക്കിടയില്‍പെട്ട പൊലീസുകാരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ വാഹനമടക്കം ജനക്കൂട്ടം ഝലം നദിയിലേക്ക് മറിച്ചിടുകയായിരുന്നു. സംഘര്‍ഷത്തിന്‍െറ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച അമര്‍നാഥ് യാത്ര കഴിഞ്ഞദിവസം പുനരാരംഭിച്ചിട്ടുണ്ട്.
കശ്മീരില്‍ കനത്ത സുരക്ഷാ സന്നാഹങ്ങള്‍ തുടരുകയാണ്. പ്രധാനമായും തെക്കന്‍ കശ്മീരിലെ പല്‍വാമ, അനന്ത്നാഗ്, കുല്‍ഗാം ജില്ലകളിലാണ് പ്രക്ഷോഭം രൂക്ഷം. ഇവിടങ്ങളില്‍ മൊബൈല്‍, ഇന്‍റര്‍നെറ്റ് നിരോധവും തുടരുകയാണ്. ശനിയാഴ്ച കാണാതായ മൂന്ന് പൊലീസുകാരില്‍ രണ്ടുപേരെ കഴിഞ്ഞദിവസം കണ്ടത്തെി.
തിങ്കളാഴ്ചയും ബന്ദിന് വിഘടനവാദി സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. വിഘടനവാദി നേതാക്കളായ അലിഷാ ഗീലാനിയും മിര്‍വായിസ് ഉമര്‍ ഫാറൂഖും വീട്ടുതടങ്കലിലും യാസീന്‍ മാലിക് കരുതല്‍ തടങ്കലിലുമാണ്.