02:00PM 03/06/2016
ടോക്കിയോ (ജപ്പാന്‍): വികൃതി കാട്ടിയ മകനെ പാഠം പഠിപ്പിക്കാനായി മാതാപിതാക്കള്‍ കാട്ടില്‍ ഉപേക്ഷിച്ച ബാലനെ അഞ്ച് ദിവസങ്ങള്‍ക്കുശേഷം കണ്ടെത്തി. വന്യമൃഗങ്ങൾ ഉള്ള കാട്ടിൽ കഴിഞ്ഞ യാമാറ്റോ തനൂക്കയെന്ന ഏഴ് വയസുകാരനെ പരിക്കുകളൊന്നുമില്ലാതെയാണ് വെള്ളിയാഴ്ച രാവിലെ ദൗത്യസംഘം കണ്ടെത്തിയത്.
200 പേര്‍ ഉള്‍പ്പെട്ട സംഘം അഞ്ച് ദിവസങ്ങളായി യെമാറ്റോയെ തിരയുകയായിരുന്നു. ഉപേക്ഷിച്ച സ്ഥലത്ത് നിന്ന് ആറ് കിലോമീറ്റർ അകലെ കാട്ടിൽ സൈനികരുടെ താവളത്തിനരികെയാണ് ബാലനെ കണ്ടെത്തിയത്. രാവിലെ വ്യായാമത്തിനിറങ്ങിയ സൈനികനാണ് കുടിലിനുള്ളിൽ കുട്ടിയെ കണ്ടത്.
യമാറ്റോയെ കണ്ടെത്തിയ കുടിൽ
അഞ്ച് ദിവസം ഭക്ഷണവും വെള്ളവുമില്ലാതെ കഴിഞ്ഞ യെമാറ്റോ അവശ നിലയിലായിരുന്നു. കണ്ടെത്തിയ ഉടൻതന്നെ സേനാംഗങ്ങൾ ഭക്ഷണവും വെള്ളവും നല്‍കി. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയ കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് പരിശോധിച്ച ഡോക്ടർ അറിയിച്ചു.
പാർക്കിൽ നിർത്തിയിട്ട കാറിലേക്ക് കല്ലെറിഞ്ഞതിനാണ് യെമാറ്റോയെ മാതാപിതാക്കൾ കരടികൾ ഉള്ള കാട്ടിനരികെ ഇറക്കിവിട്ടത്. അൽപസമയത്തിനകം ഇവർ തിരിച്ചു വന്നപ്പോൾ ബാലനെ കാണാനില്ലായിരുന്നു. എന്നാൽ മെയ് 28ന് പച്ചക്കറികൾ പറിക്കുന്നതിനിടെ ബാലനെ കാണാതാവുകയായിരുന്നു എന്നാണ് പിതാവ് ആദ്യം പൊലീസിനോട് പറഞ്ഞത്. കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് സത്യം വെളിപ്പെടുത്തിയത്. ഇത് തുടക്കത്തിൽ രക്ഷാപ്രവർത്തനത്തെ ബാധിച്ചിരുന്നു.
വന്യമൃഗങ്ങള്‍ ധാരാളമുള്ള കാട്ടില്‍നിന്ന് കുട്ടിയെ ജീവനോടെ കണ്ടെത്താന്‍ കഴിയുമോയെന്ന ആശങ്ക ഉയര്‍ന്നിരുന്നു. അനുസരണക്കേട് കാട്ടിയ കുട്ടിയ നിബിഡ വനത്തിൽ ഉപേക്ഷിച്ച മാതാപിതാക്കൾക്ക് നിയമ നടപടി നേരിടേണ്ടിവരും. താൻ ചെയ്തത് തെറ്റായെന്നും മാപ്പുചോദിക്കുന്നുവെന്നും യെമാറ്റോയുടെ പിതാവ് പറഞ്ഞു. തന്‍റെ നടപടി കടുത്തതായി പോയി. അതുമൂലം ബുദ്ധിമുട്ട് നേരിട്ടവരോട് മാപ്പുചോദിക്കുന്നു. താൻ ഇനിമുതൽ മകനെ കൂടുതൽ സ്നേഹിക്കും- അദ്ദേഹം പറഞ്ഞു.