കാനഡ അപ്പസ്‌തോലിക് എക്‌സാര്‍ക്കേറ്റ് പ്രഥമ പാസ്റ്ററല്‍ കൗണ്‍സില്‍ നടത്തപ്പെട്ടു

02:35 pm 23/12/2016

Newsimg1_83005591
മിസ്സിസാഗ: ആദ്യ പാസ്റ്ററല്‍ കൗണ്‍സിനു തുടക്കമിട്ടുകൊണ്ട് കാനഡയിലെ സീറോ മലബാര്‍ സഭ ശക്തമായ കാല്‍വെയ്പിലേക്ക്. കാനഡയിലെ അപ്പസ്‌തോലിക എക്‌സാര്‍ക്കേറ്റിന് കഴിഞ്ഞ ഒക്‌ടോബറില്‍ ഒരുവര്‍ഷം പിന്നിട്ടിരുന്നു. എക്‌സാര്‍ക്കേറ്റ് പ്രവര്‍ത്തനങ്ങളില്‍ അഭിവന്ദ്യ പിതാവിനെ സഹായിക്കുന്ന ഉപദേശക സമിതിയാണ് പാസ്റ്ററല്‍ കൗണ്‍സില്‍.

ഡിസംബര്‍ മാസം പത്താംതീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച യോഗം വൈകിട്ട് 4 മണിയോടെ സമാപിച്ചു. സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ അരീക്കാട്ട് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് അഭി. ജോസ് പിതാവ് കൗണ്‍സില്‍ പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പാസ്റ്ററല്‍ കൗണ്‍സിലിന്റെ പ്രധാന്യത്തെക്കുറിച്ചും അതിനു സഭയുടെ വളര്‍ച്ചയിലുള്ള പങ്കിനെ കുറിച്ചും ആമുഖ പ്രസംഗത്തില്‍ അഭിവന്ദ്യ പിതാവ് ഓര്‍മ്മിപ്പിച്ചു. അതിനുശേഷം എക്‌സാര്‍ക്കേറ്റിന്റെ ചാന്‍സലര്‍ ഫാ. ജോണ്‍ മയിലംവേലില്‍ പാസ്റ്ററല്‍ കൗണ്‍സില്‍ രൂപീകരിച്ചുകൊണ്ടുള്ള അഭി. പിതാവിന്റെ കല്‍പ്പന വായിച്ചു. പിതാവ് തിരി തെളിയിച്ചുകൊണ്ട് ആദ്യ പാസ്റ്ററല്‍ കൗണ്‍സിലിനു ആരംഭംകുറിച്ചു. ആദ്യ പാസ്റ്ററല്‍ കൗണ്‍സില്‍ ചര്‍ച്ച ചെയ്യാനുള്ള വിഷയങ്ങളെക്കുറിച്ച് ഇടവകകളില്‍ നിന്നു ലഭിച്ച റിപ്പോര്‍ട്ട് ഫാ. തോമസ് വാലുമ്മേല്‍ അവതരിപ്പിച്ചു. യുവജന ശാക്തീകരണം, ദൈവവിളി പ്രോത്സാഹനം, സാമ്പത്തിക വളര്‍ച്ച എന്നീ വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു പ്രധാനമായും നടത്തിയത്. വാന്‍കൂവര്‍ മുതല്‍ നൊവസ്‌കോഷ്യ വരെ വ്യാപിച്ചുകിടക്കുന്ന വിവിധ ഇടവകകളില്‍ നിന്നും മുപ്പത്തഞ്ചോളം പ്രതിനിധികള്‍ പങ്കെടുത്തു. അഭി. ജോസ് പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിനുശേഷം എല്ലാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കും നിയമന ഉത്തരവ് നല്‍കി. തുടര്‍ന്ന് വിശുദ്ധ ബൈബിള്‍ സാക്ഷിയാക്കി എല്ലാ പ്രതിനിധികളും സത്യപ്രതിജ്ഞ ചെയ്തു.

ഉച്ചഭക്ഷണത്തിനുശേഷം ഡോ. മനോജ് കൗണ്‍സില്‍ പ്രതിനിധികളെ അഭിസംബോധന ചെയ്തു. ജോയിന്റ് സെക്രട്ടറിയായി മാര്‍ട്ടിന്‍ മാനാടന്‍ തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് പ്രധാന അജണ്ട വിഷയങ്ങളായ യുവജനങ്ങളുടെ വിശ്വാസ ശാക്തീകരണം, ദൈവവിളി വളര്‍ത്തുക, എക്‌സാര്‍ക്കേറ്റിന്റെ ആത്മീയ വളര്‍ച്ചയ്ക്ക് ആവശ്യമായ സാമ്പത്തിക സ്രോതസ് എന്നീ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു. ജോയിന്റ് സെക്രട്ടറി നന്ദി പറഞ്ഞതിനുശേഷം പ്രാര്‍ത്ഥനയോടെ യോഗം സമാപിച്ചു.