01:19pm 23/6/2016
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരോട് സ്വയം വിലയിരുത്തല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. അടുത്ത ആഴ്ച നടക്കുന്ന യോഗത്തിനു മുമ്പ് റിപ്പോര്‍ട്ട് നല്‍കാനാണ് എന്‍ഡിഎ മന്ത്രിമാരോട് മോദി ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടാം ബജറ്റിനുശേഷമുള്ള പ്രകടനം വിലയിരുത്താനാണ് ആവശ്യം. കേന്ദ്ര കാബിനറ്റ് പുനഃസംഘടനയ്ക്കുള്ള സൂചനയാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
ഈ മാസം 30നാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനു മുമ്പ് കാബിനറ്റ് പുനഃസംഘടന ഉണ്ടാകുമെന്നാണ് നിഗമനം. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിനും ഹരിയാനയ്ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കാനുള്ള ശ്രമവും നടന്നേക്കും. മൈഗവ് പോര്‍ട്ടലിലൂടെ മികച്ച ജനപ്രിയ മന്ത്രിയെ തെരഞ്ഞെടുക്കാനുള്ള ശ്രമവും ഇതിനിടെ നടക്കുന്നുണ്ട്.