കാബൂളിൽ ഷിയാ മുസ്‌ലിം പള്ളിക്ക് നേരെ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു

09;19 am 12/10/2016
download (1)
കാബൂൾ: അഫ്ഗാനിസ്താൻ തലസ്‌ഥാനമായ കാബൂളിൽ ഷിയാ മുസ്‌ലിം പള്ളിക്ക് നേരെ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 36 പേര്‍ക്കു പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് ആക്രമണം ന‍ടന്നത്. കാബൂളിലെ ദേശീയ ദിനാഘോഷമായി അഷുറ ആഘോഷിക്കാനെത്തിയവര്‍ക്കുനേരെ ആക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഷിയാ മുസ്‌ലിംകളുടെ പ്രശസ്തമായ ആരാധന കേന്ദ്രമായ സാഖി പള്ളിയില്‍ പ്രാര്‍ഥിക്കാന്‍ എത്തിയവരായിരുന്നു ഇവര്‍.

കൊല്ലപ്പെട്ടവരില്‍ ഒരാൾ പൊലീസുകാരനാണ്. മൂന്നംഗ സംഘമാണ് വെടിവെപ്പ് നടത്തിയതെന്ന് ആദ്യം വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഒരാള്‍ മാത്രമാണ് കൃത്യം നടത്തിയതെന്നും ഇയാളെ കീഴ്‌പ്പെടുത്തിയതായും അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.
പൊലീസ് വേഷധാരികളായി എത്തിയവര്‍ കാവല്‍നിന്ന പൊലീസുകാരനെ വെടിവെച്ചിട്ട ശേഷം പള്ളിയുടെ അങ്കണത്തിലേക്കു കടന്ന് ആക്രമിക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. സ്ഥലത്തു കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയെന്നും കാബുള്‍ പൊലീസ് അറിയിച്ചു. കഴിഞ്ഞ ജൂലൈയില്‍ കാബുളില്‍ നടന്ന ചാവേറാക്രമണത്തില്‍ 80ലധികം ആളുകള്‍ കൊല്ലപ്പെടുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.