കാമുകി മരിച്ചതറിഞ്ഞ് കാമുകന്‍ ജീവനൊടുക്കി

04:34 am 20/9/2016
images (1)
പരപ്പ: ഒരുമിച്ചു വിഷം കഴിച്ച കമിതാക്കളില്‍ രക്ഷപ്പെട്ട കാമുകന്‍, കാമുകി മരിച്ച വിവരമറിഞ്ഞു ജീവനൊടുക്കി. ബാനം ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയും പുലിയംകുളം കോളനിയിലെ കുറ്റിയാട്ടുവീട്ടില്‍ കെ. ബാലകൃഷ്ണന്റെ മകളുമായ പി.രാധിക(17), പുലിയംകുളത്തെ വില്ല്യാട്ട് വീട്ടില്‍ പരേതനായ അമ്പാടിയുടെയും തമ്പായിയുടേയും മകനും തെങ്ങുകയറ്റ തൊഴിലാളിയുമായ നന്ദകുമാര്‍(19) എന്നിവരാണ് ജീവനൊടുക്കിയത്. കഴിഞ്ഞ മൂന്നിനാണ് ഇരുവരേയും വിഷം ഉളളില്‍ച്ചെന്ന് അവശനിലയില്‍ പരപ്പയിലെ കാട്ടില്‍ കണെ്ടത്തിയത്.

ഇരുവരെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും നില ഗുരുതരമായതിനെത്തുടര്‍ന്ന് രാധികയെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നന്ദുവിനെ രണ്ടുദിവസത്തിനുശേഷം ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ് ചെയ്തിരുന്നു. രാധികയുടെ നില വഷളാവുകയും ഞായറാഴ്ച രാത്രി മരിക്കുകയും ചെയ്തു. ഇതറിഞ്ഞ നന്ദകുമാര്‍ വീടിനു സമീപത്തെ കശുമാവില്‍ തൂങ്ങിമരിക്കുകയായിരുന്നു.