12:00pm 30/4/2016
ജോയിച്ചന്‍ പുതുക്കുളം
ഷിക്കാഗോ: ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ പ്രവീണ്‍ വര്‍ഗിസിന്റെ മരണത്തിന്റെ അന്വേഷണത്തില്‍ അലംഭാവം കാട്ടിയ കാര്‍ബണ്‍ഡേയ്ല്‍ സിറ്റിയേയും പോലീസിനേയും, സ്റ്റേറ്റ് അറ്റോര്‍ണി തുടങ്ങിയവരേയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് പ്രവീണിന്റെ മാതാവ് സിറ്റി കൗണ്‍സിലില്‍ ശക്തമായി സംസാരിച്ചു. റേഡിയോ ഹോസ്റ്റ് മോണിക്ക സൂക്കസും കാര്‍ബണ്‍ഡേയ്ല്‍ സിറ്റി പ്രദേശത്തുള്ള ഇന്ത്യക്കാരും പിന്തുണയുമായി കൗണ്‍സില്‍ മീറ്റിംഗിനു എത്തിയിരുന്നു.
സിറ്റി മേയര്‍ ഉള്‍പ്പടെയുള്ളവരുടെ മുന്നില്‍ പ്രവീണിനെ കാണാതായതു മുതല്‍ നടന്ന പോലീസിന്റെ നിരുത്സാഹപരമായ പെരുമാറ്റവും, കുറ്റപ്പെടുത്തലും, സത്യം മറച്ചുവെയ്ക്കലും, കുടുംബത്തെ ആക്ഷേപിച്ചുള്ള പരസ്യ പ്രസ്താവനകളും, ഒട്ടോപ്‌സി നടത്തിയ ഡോക്ടര്‍ തെളിവുകള്‍ മറച്ചുവെച്ചതും, മെഡിക്കല്‍ എത്തിക്‌സിനു നിരക്കാത്ത രീതിയില്‍ ബോഡി ബാഗില്‍ വെച്ചു ഓട്ടോപ്‌സി നടത്തിയതും, ശരീരത്തില്‍ കണ്ട മാരക മുറിവുകള്‍ അവഗണിച്ചതും തുറന്നുകാട്ടി. മീഡിയ പേഴ്‌സണാലിറ്റിയും കുടുംബത്തിന്റെ ശക്തമായ പിന്തുണയുമായി മോണിക്ക സൂക്കസ് പ്രവീണിന്റെ ശരീരത്തിലെ മുറിവുകളുടെ ഓട്ടോപ്‌സി ചിത്രങ്ങള്‍ മേയറേയും, കൗണ്‍സില്‍ അംഗങ്ങളേയും കാണിച്ചു. കൗണ്‍സില്‍ അംഗങ്ങള്‍ പലരും ഇതുകണ്ട് പൊട്ടിക്കരഞ്ഞു. ഒരാള്‍ അല്പ നേരത്തേക്ക് മുറിവിട്ട് പോകുകയും ചെയ്തു. മൃഗങ്ങളോടു പോലും ചെയ്യാത്ത ക്രൂരതയാണ് തന്റെ മകനോട് അവന്റെ മരണശേഷം ചെയ്തതെന്ന് ലൗലി തുറന്നു പറഞ്ഞു.
പ്രവീണിന്റെ വസ്ത്രം, ഫോണ്‍, ലാപ്‌ടോപ് തുടങ്ങിയവയൊന്നും ഇതുവരെ നല്‍കിയിട്ടില്ല. റിപ്പോര്‍ട്ട് ആവശ്യപ്പെട്ടപ്പോള്‍ 18 മാസങ്ങള്‍ക്കുശേഷം പ്രവീണ്‍ കാണാതായതുമുതലുള്ള ന്യൂസ് പേപ്പര്‍ ആര്‍ട്ടിക്കിള്‍സ് കുടുംബത്തിന് അയച്ചുകൊടുത്തു. ‘എന്നു മുതലാണ് പത്രവാര്‍ത്തകള്‍ പോലീസ് റിപ്പോര്‍ട്ട് ആക്കിയത്?’ ലൗലി ചോദിച്ചു. ‘എന്റെ മകനെ പോലീസ് ഒരു വെള്ളക്കാരനേയും, ഡ്രൈവര്‍ കറസനേയും പതോളജിസ്റ്റ് മിഡില്‍ ഈസ്റ്റേഞയും കോറോണര്‍ രണ്ടു റിപ്പര്‍ട്ടില്‍ സ്ത്രീയായും ചിത്രീകരിച്ചു. എന്റെ മകന്റെ മാന്യതയെ ചോദ്യം ചെയ്തു’ – ലൗലി കൗണ്‍സിലിനോട് തുറന്നു പറഞ്ഞു. മാറ്റത്തിനായി ശ്രമിക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
മീറ്റിംഗിനുശേഷം കൗണ്‍സില്‍ അംഗങ്ങളെല്ലാവരും സഹായം വാഗ്ദാനം ചെയ്തു. സിറ്റി മാനേജരും മേയറും കുടുംബവുമായി മീറ്റിംഗിനു ദിവസം അനുവദിക്കുകയും ചെയ്തു.
കേസില്‍ നിന്ന് ഒരുതരത്തിലും പിന്നോട്ടില്ലെന്നും നീതി ലഭിക്കുംവരെ പ്രവര്‍ത്തനങ്ങളുമായി മൂന്നോട്ടുപോകുമെന്നും പ്രവീണ്‍ ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസിന്റെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാഞ്ഞതിനാല്‍ പ്രതി ഗേജ് ബഥൂണിനെതിരേയുള്ള കേസ് കോടതി ഒക്‌ടോബറിലേക്ക് മാറ്റിവച്ചു.