കാറിലിരുന്ന കുട്ടിയെ ഭദ്രമായി ഇറക്കിവെച്ചു തസ്‌ക്കരന്മാര്‍ കാര്‍ കവര്‍ന്നു

09.15 PM 18-05-2016
baby
പി.പി.ചെറിയാന്‍
ഡിട്രോയിറ്റ്: തസ്‌ക്കരന്മാര്‍ തട്ടിയെടുത്ത കാറിലുണ്ടായിരുന്ന മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ ഡിട്രോയ്റ്റ് ഈസ്റ്റ് സൈഡിലുള്ള ഒരു വീടിന്റെ പോര്‍ച്ചില്‍ കാര്‍ സീറ്റോടെ ഇറക്കിവെച്ചു കാറുമായി തസ്‌ക്കരന്മാര്‍ കടന്നു കളഞ്ഞതായി ഡിട്രോയ്റ്റ് പോലീസ് ഓഫീസര്‍ അറിയിച്ചു.
ഞായറാഴ്ച പുലര്‍ച്ച ഒന്നരയ്ക്കായിരുന്നു സംഭവം. വീട്ടില്‍ നിന്നും കുഞ്ഞിനേയും കൂട്ടി കാറില്‍ മിനി മാര്‍ട്ടില്‍ എത്തി. എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്ത് കാറില്‍ കുട്ടിയെ ഇരുത്തി പിതാവ് എന്തോ വാങ്ങുന്നതിന് കടയിലേക്ക് കയറി. ഈ സമയത്താണ് തസ്‌ക്കരന്മാര്‍ കാര്‍ തട്ടിയെടുത്തത്.
കടയില്‍ നിന്നും പുറത്തു കടന്നപ്പോളാണ് പിതാവ് കാറും, കുഞ്ഞും നഷ്ടപ്പെട്ട വിവരം മനസ്സിലാക്കിയത്. ഉടനെ പോലീസില്‍ അറിയിച്ചു. പോലീസ് കുഞ്ഞിനെ കണ്ടെത്തുന്നതിനായി ആംബര്‍ അലര്‍ട്ട് ആക്ടിവേറ്റ് ചെയ്തു.
രാവിലെ എട്ടരയോടെ കടയില്‍ നിന്നും അലപം ദൂരെയുള്ള ഒരു വീടിന്റെ പോര്‍ച്ചില്‍ കാര്‍ സീറ്റിലിരിക്കുന്ന കുട്ടിയെ കണ്ടെത്തിയതായി പോലീസിന് വിവരം ലഭിച്ചു. കുട്ടിയെ പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചു. കുട്ടി തികച്ചും ആരോഗ്യവതിയായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
അര്‍ദ്ധരാത്രി കുട്ടിയെ കൂട്ടി പുറത്തു പോയതും, കുട്ടിയെ തനിയെ കാറില്‍ ഇരുത്തി കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയതും അന്വേഷിക്കുമെന്ന് ഡിട്രോയ്റ്റ് പോലീസ് ചീഫ് ജെയിംസ് ക്രേയ്ഗ് പറഞ്ഞു. 2006 ഷെവി ഇംപാല കാറു ഇതുവരെ കണ്ടെത്താനായിട്ടില്ല.