കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥികള്‍ മരിച്ചു

09:18am 5/4/2016
images (1)

എരുമപ്പെട്ടി/വളാഞ്ചേരി: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് കോളജ് വിദ്യാര്‍ഥികള്‍ മരിച്ചു. വളാഞ്ചേരി പുറമണ്ണൂര്‍ മജ്‌ലിസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് അവസാന വര്‍ഷ ബി.ബി.എ വിദ്യാര്‍ഥികളായ മലപ്പുറം എടയൂര്‍ മാവണ്ടിയൂര്‍ അലവി ഹാജിപ്പടി പുലാക്കാവി വീട്ടില്‍ യാഹുട്ടിയുടെ മകന്‍ ഹനീസ് (22), വൈക്കത്തൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം കാരപറമ്പില്‍ സൈനുദ്ദീന്റെ മകന്‍ മുഹമ്മദ് ഷഫീഖ് (22), എന്നിവരാണ് മരിച്ചത്.
കേച്ചേരിഅക്കിക്കാവ് ബൈപാസില്‍ പന്നിത്തടം കോകോട് സ്‌കൂളിന് സമീപം തിങ്കളാഴ്ച ഉച്ചക്ക് 12.45നാണ് അപകടം.
ഡിഗ്രി പൂര്‍ത്തിയാക്കിയ ഇരുവരും പുതിയ കോഴ്‌സിന് ചേരാനുള്ള അന്വേഷണങ്ങള്‍ക്കായി എറണാകുളത്തേക്ക് പോകുമ്പോഴാണ് അപകടം. ഇരുവരും തല്‍ക്ഷണം മരിച്ചു. കാര്‍ െ്രെഡവര്‍ ചിറമനേങ്ങാട് സ്വദേശി മുഹമ്മദ് കുട്ടിയെ പരിക്കുകളോടെ കുന്നംകുളം റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോയല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ പോസ്റ്റുമാര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. എരുമപ്പെട്ടി പൊലീസ് തുടര്‍നടപടി സ്വീകരിച്ചു.
സിറാജുന്നീസയാണ് മുഹമ്മദ് ഷഫീഖിന്റെ മാതാവ്. സഹോദരങ്ങള്‍: റംസീന, ആഷിഖ്. നബീസയാണ് ഹനീസിന്റെ മാതാവ്.
ഷഫീഖിന്റെ മൃതദേഹം ചൊവ്വാഴ്ച കിഴക്കേക്കര ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും ഹനീസിന്‍േറത് മുന്നാക്കല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും മറവ് ചെയ്യും.