കാലവര്‍ഷം മികച്ചതാകുമെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണകേന്ദ്രം

12.45 AM 13-04-2016
kalavarsham
ഇത്തവണ കാലവര്‍ഷം മികച്ചതാകുമെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണകേന്ദ്രം. ജൂണ്‍ ആദ്യവാരം തന്നെ കേരളത്തില്‍ മഴയെത്തും. വരള്‍ച്ചയില്‍ പൊറുതിമുട്ടുന്ന മഹാരാഷ്ട്രയിലെ മറാത്ത്‌വാഡയുള്‍പ്പടെയുള്ള പ്രദേശങ്ങളിലും ഇത്തവണ നല്ല മഴ കിട്ടുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ നിഗമനം.
കൊടുംചൂടില്‍ പൊറുതിമുട്ടുന്ന കേരളത്തിന് ആശ്വസിയ്ക്കാം. ജൂണ്‍ ആദ്യവാരം തന്നെ കാലവര്‍ഷമെത്തും. ഈ വര്‍ഷം സാമാന്യത്തിലധികം മഴ കിട്ടുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ നിഗമനം. കഴിഞ്ഞ തവണ കാലവര്‍ഷത്തിന് എല്‍നിനോ വില്ലനായപ്പോള്‍ മഴ 88 ശതമാനമായി കുറഞ്ഞിരുന്നു. എന്നാല്‍ എല്‍ നിനോയ്ക്ക് പകരമുള്ള ലാ നിന പ്രതിഭാസം മൂലം ഇത്തവണ 104 മുതല്‍ 110 ശതമാനം വരെ മഴ കിട്ടുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ നിഗമനം.
1988 ന് ശേഷം ഇതാദ്യമായാണ് രാജ്യത്ത് സാമാന്യത്തിലധികം മഴ പെയ്യാന്‍ സാധ്യത കല്‍പിയ്ക്കപ്പെടുന്നത്. ജൂണ്‍ ആദ്യവാരം മുതല്‍ സെപ്തംബര്‍ അവസാനവാരം വരെയാണ് മഴക്കാലം. ഈ സീസണിന്റെ രണ്ടാം പകുതിയിലാണ് കൂടുതല്‍ മഴ പെയ്യാന്‍ സാധ്യത. മഹാരാഷ്ട്രയിലെ മറാത്ത്‌വാഡ, ലാത്തൂര്‍ എന്നിവിടങ്ങളിലും ഉത്തര്‍പ്രദേശടക്കമുള്ള രാജ്യത്തെ 12 വരള്‍ച്ചാബാധിതസംസ്ഥാനങ്ങളിലും ഇത്തവണ നല്ല മഴ കിട്ടും. എന്നാല്‍ എന്നാണ് ഇവിടെ കാലവര്‍ഷമെത്തുക എന്നത് മെയ് അവസാനവാരമേ വ്യക്തമാകൂ.
കൊടുംചൂടില്‍ ഏറെപ്പേര്‍ മരിച്ച ആന്ധ്രാപ്രദേശിന് ഇത്തവണയും വലിയ ആശ്വാസമില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും തമിഴ് നാടിന്റെ വടക്കന്‍ മേഖലയിലും ആന്ധ്രാപ്രദേശിലെ റായലസീമയിലും ഇത്തവണ ദേശീയശരാശരിയേക്കാള്‍ കുറവ് മഴയേ ലഭിയ്ക്കൂ. 1988 നു സമാനമായി പ്രളയാവസ്ഥ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കേന്ദ്രസര്‍ക്കാര്‍ വേണ്ട മുന്‍ കരുതല്‍ സ്വീകരിയ്ക്കണമെന്നും കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. മഴ കൂടുതല്‍ കിട്ടുക വഴി ഈ വര്‍ഷം കാര്‍ഷികമേഖലയില്‍ കൂടുതല്‍ നേട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര കൃഷി വകുപ്പ് മന്ത്രി രാധാ മോഹന്‍ സിംഗ് പറഞ്ഞു.