കൊല്ലം പരവൂരില്‍ വെടിക്കെട്ട് ദുരന്തം; 106 പേര്‍ മരിച്ചു

07-29 AM 10-04-2016
vedikkettu
പരവൂര്‍: കൊല്ലം പരവൂരില്‍ വെടിക്കെട്ട് ദുരന്തത്തില്‍ ഏകദേശം 106 പേരോളം മരിച്ചു. ദുരന്തത്തില്‍ നൂറ്റമ്പതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ പലരുടേയും നില അതീവ ഗുരുതരമാണ്. അതിനാല്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. ഉഗ്രസ്‌ഫോടനത്തില്‍ ശരീരം ചിന്നിച്ചിതറിയ നിലയിലായിരുന്നു പല മൃതദേഹങ്ങളും. അതിനാല്‍ തന്നെ മരിച്ചവര്‍ ആരൊക്കെയെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെയായിരുന്നു കേരളത്തെ ഞെട്ടിച്ച ദുരന്തം ഉണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ 3.30 നായിരുന്നു സംഭവം. ക്ഷേത്രത്തിലെ കമ്പപ്പുരയ്ക്ക് തീപിടിച്ചായിരുന്നു ദുരന്തം.

മരിച്ചവരില്‍ ഒരു പോലീസുകാരനും ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. സജി സെബാസ്റ്റ്യന്‍ എന്ന പോലീസുകാരനാണ് മരിച്ചത്. വെടിക്കെട്ട് അവസാനിക്കാന്‍ ഏതാനും നിമിഷങ്ങള്‍ ബാക്കി നില്‍ക്കെയായിരുന്നു അപകടം. പൊട്ടിത്തെറിച്ച അമിട്ടിന്റെ ഒരു ഭാഗം കമ്പപ്പുരയിലേക്ക് തെറിച്ചുവീണതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള കോണ്‍ക്രീറ്റ് കെട്ടിടമാണ് കമ്പപ്പുരയായി പ്രവര്‍ത്തിച്ചിരുന്നത്. ഇതിനു സമീപമിരുന്ന് വെടിക്കെട്ടു വീക്ഷിച്ചവരാണ് മരിച്ചവരില്‍ ഭൂരിപക്ഷവും.

20 ഓളം അമിട്ടുകളാണ് കമ്പപ്പുരയ്ക്കകത്ത് ഉണ്ടായിരുന്നത്. വന്‍ സ്‌ഫോടനത്തില്‍ ദേവസ്വം ബോര്‍ഡ് കെട്ടിടം പൂര്‍ണമായും തകര്‍ന്നു. സമീപത്തുള്ള വീടുകള്‍ക്കും നാശനഷ്ടമുണ്ടായി. ഒന്നരകിലോമീറ്റര്‍ ചുറ്റളവില്‍ സ്‌ഫോടനത്തിന്റെ പ്രകമ്പനമുണ്ടായി. സ്‌ഫോടനത്തെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി, വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ താറുമാറായി.

നിരോധിച്ച വെടിക്കെട്ട് താല്‍ക്കാലിക അനുമതിയോടെയാണ് നടത്തിയതെന്നാണ് വിവരം. സംഭവസ്ഥലത്ത് പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും സംഭവസ്ഥലത്തെത്തിയിട്ടുണ്ട. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി എന്നിവിടങ്ങളിലായി പ്രവേശിപ്പിച്ചു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.

അപകടത്തെക്കുറിച്ച് സര്‍ക്കാര്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് ഡിജിപി ടി.പി. സെന്‍കുമാര്‍ നേതൃത്വം നല്‍കും. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോടെ ധനസഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ എല്ലാ ആശുപത്രികളിലും അടിന്തരമായി സജ്ജീകരണം ഒരുക്കാന്‍ ജില്ലാ ആരോഗ്യവകുപ്പ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറും അറിയിച്ചു. കണ്‍ട്രോള്‍ റൂം നമ്പര്‍: 0474 2512344.