കാളിദേവിയെ അപമാനിച്ചുവെന്ന് ആരോപണം; ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട യുവാക്കളെ അറസ്റ്റ് ചെയ്തു

05:33pm 28/5/2016
download

മുംബൈ: കാളിദേവിയെ അപമാനിച്ചുവെന്ന് ആരോപിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട രണ്ട് യുവാക്കളെ ഭോപ്പാലില്‍ അറസ്റ്റ് ചെയ്തു. മുംബൈ അന്റോപ് ഹില്ലിലാണ് സംഭവം. കാളിയെ അപമാനിച്ചവര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ ഗുരുതര പ്രത്യാഖ്യാതമുണ്ടാകുമെന്ന സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്നാണ് അറസ്റ്റ്.
മുംബൈ പോലീസിന്റെ സഹായത്തോടെ ഭോപ്പാല്‍ പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. യുവാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ മെയ് 10ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. നാഡന്‍ പരിന്‍ഡേ എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലാണ് പരാതിക്കാധാരമായ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഗ്രൂപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിക്കുന്ന പോസ്റ്റുകളുമുണ്ട്.
അന്റോപ് ഹില്ലില്‍ ബോഡി ഗാര്‍ഡായും ഇലക്ട്രീഷ്യനായും ജോലി ചെയ്യുന്ന യുവാക്കളാണ് അറസ്റ്റിലായത്. അറസ്റ്റിലായ യുവാക്കള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.