കാളിന് നിരക്കില്ല; ജിയോയെ വെല്ലാന്‍ ബി.എസ്.എന്‍.എല്‍

09:00: AM 23/09/2016
download (2)
ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ അത്യാകര്‍ഷക ഓഫറുമായി പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍. നിരക്ക് വെട്ടിക്കുറച്ച് എത്തിയ റിലയന്‍സ് ജിയോയെ കടത്തിവെട്ടുകയാണ് ലക്ഷ്യം.വിളിക്കുന്ന കാളിന് നിരക്കില്ലാത്ത സീറോ താരിഫ് പ്ളാനാണ് ഓഫറുകളിലൊന്ന്. ജിയോ വരിക്കാര്‍ക്ക് 4ജിയില്‍ മാത്രം നിലവില്‍ റിലയന്‍സ് സേവനം നല്‍കുമ്പോള്‍ 2ജി, 3ജി വരിക്കാര്‍ക്കുകൂടി വിളിക്കാന്‍ കഴിയുന്ന സേവനമാണ് പുതുവത്സര സമ്മാനമായി ബി.എസ്.എന്‍.എല്‍ നല്‍കാനൊരുങ്ങുന്നത്.വിപണിയിലെ ജിയോയുടെ പ്രകടനം നിരീക്ഷിച്ച ശേഷമായിരിക്കും ബി.എസ്.എന്‍.എല്‍ പുതിയ സേവനം നല്‍കുക. കാളുകള്‍ക്ക് നിരക്കില്ലാത്ത ആജീവനാന്ത പ്ളാനാണ് ബി.എസ്.എന്‍.എല്‍ മുന്നോട്ടു വെക്കുന്നത്. ജിയോ ഇപ്പോള്‍ 149 രൂപയുടെ പ്ളാനാണ് നല്‍കുന്നത്. ബി.എസ്.എന്‍.എല്‍ അതിലും കുറഞ്ഞ പ്ളാന്‍ നല്‍കാനുള്ള തയാറെടുപ്പിലാണെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവ പറഞ്ഞു.

ബി.എസ്.എന്‍.എല്‍ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് വീടുകളില്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ നല്‍കുന്ന പദ്ധതിയാണ് മറ്റൊന്ന്. കേരളം, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഒഡിഷ, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് ജനുവരി മുതല്‍ പദ്ധതി നടപ്പാക്കുക. റിലയന്‍സ് ജിയോക്ക് പിന്നാലെ ബി.എസ്്.എന്‍.എല്ലും സൗജന്യ പദ്ധതികള്‍ ആവിഷ്കരിക്കുന്നതോടെ മറ്റു സേവനദാതാക്കളും ആകര്‍ഷക പദ്ധതികളുമായി മുന്നോട്ടു വരുമെന്നാണ് സൂചന.വിപണി പിടിക്കാന്‍ കിടമത്സരം ഉറപ്പായതോടെ എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ കമ്പനികളും പുതിയ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.