കാവേരി: ഡിസംബർവരെ വെള്ളം നൽകില്ലെന്ന്​ കർണാടക

01:34 pm 26/09/2016
images (9)
ബംഗളുരു: കാവേരി വിഷയത്തിൽ ഡിസംബർവരെ വെള്ളം നൽകാനാവില്ലെന്ന്​ കർണാടക. ഇടക്കാല ഉത്തരവിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട്​ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിലാണ്​ കർണാടക നിലപാട്​ വ്യക്​തമാക്കിയത്​. സെപ്​തംബർ 26 വരെ തമിഴ്​നാടിന്​ സെക്കൻഡിൽ 6000 ഘനയടി ജലം വിട്ടുകൊടുക്കണമെന്ന സുപ്രീം കോടതി വിധിയിൽ ജനുവരിവരെ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ്​ കർണാടക ഇന്ന്​ കോടതിയെ സമീപിച്ചത്​. തമിഴ്നാടി​െൻറ ഹരജി നാളെ സുപ്രീംകോടതിയുടെ ബെഞ്ച്​ പരിഗണിക്കാനിരിക്കെയാണ് കർണാടകയുടെ നീക്കം.

നേരത്തെ സുപ്രീംകോടതി വിധിക്കെതിരെ കർണാടക നിയമസഭയുടെ പ്രത്യേക സമ്മേളനം പ്രമേയം പാസാക്കിയിരുന്നു. കാവേരി ജലം കുടിവെള്ളത്തിനു മാത്രമേ ഉപയോഗിക്കാവൂ എന്നാവശ്യപ്പെടുന്നതായിരുന്നു പ്രമേയം. ഇൗ വിഷയത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയക്കുകയും ചെയ്തു. അതിനിടെ, കാവേരി പ്രശ്നത്തിൽ രാജി സന്നദ്ധത അറിയിച്ച മണ്ഡ്യയിൽ നിന്നുള്ള ജനതാദൾ (എസ്) എം.പി സി.എസ് പുട്ടരാജു തീരുമാനം പിൻവലിക്കുന്നതായി അറിയിച്ചു.