ബംഗളൂരു: എന്തെല്ലാം പ്രത്യാഘാതങ്ങളുണ്ടായാലും കാവേരി നദിയില്‍നിന്ന് തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കേണ്ടതില്ലന്ന് കര്‍ണാടക സര്‍വകക്ഷി യോഗം. ഒക്ടോബര്‍ ആറു വരെ തമിഴ്നാടിന് 6000 ക്യൂസെക്സ് വെള്ളം വിട്ടുനല്‍കണമെന്ന വെള്ളിയാഴ്ചത്തെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ശനിയാഴ്ച വൈകീട്ട് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. എന്നാൽ കാവേരി പ്രശ്നത്തിൽ നാളെ ചേരുന്ന നിയമസഭ യോഗത്തിൽ ശരിയായ തീരുമാനം ഉണ്ടാകും.
സുപ്രീംകോടതി നിര്‍ദേശപ്രകാരം കേന്ദ്ര സര്‍ക്കാര്‍ രൂപവത്കരിക്കുന്ന കാവേരി നദീജല പരിപാലനസമിതിയിലേക്ക് പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യേണ്ടതില്ളെന്നും യോഗത്തില്‍ ധാരണയായി. ഇത് രൂപവത്കരിക്കുന്നതിനെതിരെ പ്രധാനമന്ത്രിയില്‍ സമ്മര്‍ദം ചെലുത്താന്‍ തയാറാണെന്ന് യോഗത്തില്‍ ബി.ജെ.പി പ്രതിനിധികള്‍ അറിയിച്ചു. വെള്ളം വിട്ടുകൊടുക്കാത്തതിന്െറ പേരില്‍ ജയിലില്‍ പോകാനും തയാറാണെന്ന് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ അറിയിച്ചു.
സെപ്റ്റംബര്‍ 20, 30 തീയതികളിലെ വിധികള്‍ പുന പരിശോധിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച സുപ്രീംകോടതിയില്‍ പ്രത്യേക ഹരജി നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കാവേരി ജലത്തിന്‍െറ പേരില്‍ സംസ്ഥാനത്തെ ജനങ്ങളോടുള്ള അനീതി അനുവദിക്കില്ളെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ മുന്നറിയിപ്പ് നല്കി. കാവേരി തീരത്തെ ജനങ്ങളുടെ താല്പര്യങ്ങള് സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. വിഷയത്തില്‍ സംസ്ഥാനം തുടര്‍ച്ചയായി അനീതിക്കിരയാവുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ -എസ് ദേശീയ അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡ വിധാന്‍ സൗധക്ക് മുന്നില്‍ നിരാഹാരമിരുന്നു. കോടതിവിധി തങ്ങള്‍ക്കുള്ള മരണവാറണ്ടാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം പ്രശ്നപരിഹാരത്തിന് പ്രധാനമന്ത്രി ഇടപെട്ടില്ളെങ്കില്‍ അനിശ്ചിതകാല നിരാഹാരമിരിക്കുമെന്നും മുന്നറിയിപ്പ് നല്കി.