കാവേരി പ്രശ്നം: കര്‍ണാടകയില്‍ വ്യാപക അക്രമം; ബംഗളൂരുവില്‍ ബസ് ഡിപ്പോക്ക് തീയിട്ടു

07:10 am 13/09/2016
download
ബംഗളൂരു: തമിഴ്നാടിന് കാവേരി നദീജലം വിട്ടുകൊടുക്കാനുള്ള ഉത്തരവിനെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജിയില്‍ സുപ്രിം കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാവത്തതിനെ തുടര്‍ന്ന് കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലുണ്ടായ സംഘര്‍ഷം രൂക്ഷമായി. സംസ്ഥാനത്ത് പലയിടങ്ങളിലായി അക്രമം വ്യാപിക്കുകയാണ്.

ബംഗളൂരുവിൽ തമിഴ്നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള 40 ഓളം ബസുകള്‍ക്ക് പ്രക്ഷോഭകര്‍ തീയിട്ടു. മൈസൂര്‍ റോഡിലുള്ള കെ.പി.എന്‍ ട്രാവൽസി​​െൻറ ബസ് ഡിപ്പോയിലാണ് അക്രമുണ്ടായത്. നഗരത്തിലെ തമിഴ്നാട് സ്വദേശികളുടെ സ്ഥാപനങ്ങള്‍ക്കു നേരെയും തമിഴ്നാട് രജിസ്ട്രേഷന്‍ വാഹനങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി. അക്രമം നടത്തിയ 200പേരെ അറസ്​റ്റു ചെയ്​തതായി പൊലീസ്​ വൃത്തങ്ങൾ അറിയിച്ചു. അക്രമം പടര്‍ന്നതിനെ തുടര്‍ന്ന് ബംഗളൂരുവിലും മറ്റു സംഘർപ്രദേശങ്ങളിലും കേന്ദ്രസേനയെ വിന്യസിച്ചു .

#WATCH: Protesters set more than 20 buses on fire in #Bengaluru’s KPN bus depot #CauveryProtests pic.twitter.com/WBby0fuA8o

— ANI (@ANI_news) September 12, 2016
സംഘര്‍ഷങ്ങളെ തുടര്‍ന്ന് ബംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മെട്രോ, ബസ് സര്‍വീസുകള്‍ റദ്ദാക്കുകയും ബംഗളൂരു-മൈസൂരു റോഡ് അടച്ചിടുകയും ചെയ്തു.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബംഗളൂരുവിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉച്ചയോടെ അടച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ബെംഗളൂരില്‍ നിന്ന് സേലം വഴി കേരളത്തിലേക്കുള്ള ബസ് സര്‍വീസുകള്‍ റദ്ദാക്കി. തമിഴ്നാട്ടില്‍ കര്‍ണാടക രജിസ്ട്രേഷനുള്ള ബസുകള്‍ക്ക് നേരയുണ്ടായ അക്രമങ്ങളെ തുടര്‍ന്ന് തമിഴ്നാട്ടിലേക്കുള്ള ബസ് സര്‍വീകള്‍ തിങ്കളാഴ്ച രാവിലെ മുതല്‍ തന്നെ റദ്ദാക്കിയിരുന്നു. അക്രമം വ്യാപകമായതിനെ തുടർന്ന്​ സംസ്ഥാനത്തിനകത്തുള്ള ബസ് സര്‍വീസുകളും റദ്ദാക്കി

ബംഗളൂരുവില്‍ തമിഴ്നാട്ടുകാര്‍ കൂടുതലായി താമസിക്കുന്ന ഇന്ദിരാ നഗര്‍, കെആര്‍ നഗര്‍, പ്രകാശ് നഗര്‍, ഫ്രാസെര്‍ ടൗണ്‍, ആര്‍ടി നഗര്‍, താനാരി റോഡ്, ഹെഗ്ഡെ നഗര്‍, ശ്രീരാംപുര, ഖലാസി പാളയം എന്നിവിടങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

തമിഴ്നാടിന് ദിവസേന വിട്ടുനല്‍കേണ്ട വെള്ളത്തിന്‍െറ അളവില്‍ ചെറിയതോതില്‍ ഇളവുനല്‍കിയെങ്കിലും നേരത്തെ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ ദിവസം ജലം നല്‍കണമെന്നാണ് കോടതി ഉത്തരവ്. നേരത്തെയുള്ള ഉത്തരവില്‍ മാറ്റങ്ങള്‍ വരുത്താന്‍ കോടതി വിസമ്മതിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ശാന്തമായിത്തുടങ്ങിയ കര്‍ണാടകയിലെ അന്തരീക്ഷം വീണ്ടും സംഘര്‍ഷഭരിതമായത്. നേരത്തെ വെള്ളം വിട്ടുകൊടുക്കാനുള്ള സുപ്രീം കോടതി ഉത്തരവിനെതുടര്‍ന്ന് വെള്ളിയാഴ്ച സംസ്ഥാനത്ത് ബന്ദ് ആചരിച്ചിരുന്നു.

ബന്ദില്‍ ബംഗളൂരു, മൈസൂരു നഗരങ്ങളും കാവേരി മേഖലയും നിശ്ചലമായിരുന്നു. ചരിത്രത്തിലാദ്യമായി ബംഗളൂരുവില്‍ ഐ.ടി മേഖലയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടിരുന്നു. രണ്ടായിരത്തോളം സംഘടനകളായിരുന്നു ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തത്തെിയിരുന്നത്.