കാവേരി വിഷയം; കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ റദ്ദാക്കിയേക്കും

07:45 PM 12/09/2016
images (12)
ബംഗളൂരു: തമിഴ്നാടിന് കാവേരി ജലം വിട്ടുനല്‍കുന്നതിനെതിരായി കര്‍ണാടകയില്‍ സംഘര്‍ഷം രൂക്ഷമായതോടെ കേരളത്തിലേക്കും തിരിച്ചുമുള്ള കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കുമെന്ന് സൂചന.
നേരത്തെ സേലം വഴിയുള്ള ഒമ്പത് സര്‍വീസുകള്‍ റദ്ദാക്കിയതായി കെ.എസ്.ആര്‍.ടി.സി അറിയിച്ചിരുന്നു. ബംഗളൂരു-മൈസൂര്‍ പാത അടച്ചതിനാല്‍ സാധാരണ സര്‍വ്വീസുകള്‍ നടത്താന്‍ തടസമുണ്ടാകും. നാല് സ്പെഷ്യല്‍ സര്‍വീസുകളടക്കം 43 ബസുകളാണ് നിലവില്‍ ബംഗളൂരുവിലുള്ളത്. ഓണ അവധി പ്രമാണിച്ച് കേരളത്തിലേക്ക് 2000 ത്തോളം യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്.

നിലവില്‍ ബസുകള്‍ ഓടിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണെന്നും സംഘര്‍ഷത്തിന് അയവു വന്നാല്‍ മാത്രമെ സര്‍വീസുകള്‍ നടത്തുകയുള്ളൂയെന്നും ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. വിഷയത്തില്‍ കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെടും. സര്‍വീസ് നടത്തുന്നതിനായുള്ള ബദല്‍മാര്‍ഗങ്ങള്‍ ആരായും. കെ.എസ്. ആര്‍.ടി.സിക്ക് ആവശ്യമായ നിര്‍ദേശം നല്‍കിയെന്നും സംഘര്‍ഷം തുടര്‍ന്നാല്‍ എല്ലാ സര്‍വീസുകളും റദ്ദാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യുമായി ഫോണിലൂടെ ബന്ധപ്പെട്ടു. കേരളത്തിലേക്കുള്ള ബസുകള്‍ക്ക് അതിര്‍ത്തി വരെ സുരക്ഷ നല്‍കാമെന്ന് കര്‍ണാടക മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. എന്നാല്‍ സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ സര്‍വീസുകള്‍ റദ്ദാക്കുന്നതാണ് ഉചിതമെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ നിര്‍ദേശം.
കര്‍ണാടകയില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ റദ്ദാക്കിയാല്‍ ഓണത്തിനായി നാട്ടിലേക്കു മടങ്ങുന്ന മലയാളികളുടെ അവസ്ഥ ദുരിതത്തിലാകും. സംഘര്‍ഷം തുടര്‍ന്നാല്‍ സ്വകാര്യ ബസുകളും സര്‍വീസ് നടത്തിയേക്കില്ല.