കാവൽ മുഖ്യമന്ത്രി വേണമെന്ന ആവശ്യം ശക്തമാകുന്നു.

10:33 am 5/10/2016
images (2)

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ആശുപത്രിയിലായി 12 ദിവസം പിന്നിടുമ്പോൾ സംസ്ഥാനത്ത് കാവൽ മുഖ്യമന്ത്രി വേണമെന്ന ആവശ്യം ശക്തമാകുന്നു. തമിഴ്നാട് ഭരണം ഉദ്യോഗസ്ഥരുടെ കൈകളിലാണ് എന്നാണ് വിമർശം. ചീഫ് സെക്രട്ടറിയും നിലവില്‍ മുഖ്യമന്ത്രിയുടെ ഉപദേശകയും മുന്‍ ചീഫ് സെക്രട്ടറിയുമായ ഷീല ബാലകൃഷ്ണനും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമാണ് സംസ്ഥാനത്തെ സംബന്ധിച്ച പല സുപ്രധാന തീരുമാനങ്ങളും എടുക്കുന്നത്.

സംസ്ഥാനത്ത് ഭരണത്തിലായാലും പാർട്ടി നേതൃത്വത്തിലായാലും ജയലളിതയാണ് എല്ലാ അധികാരവും കൈയാളുന്നത്. രണ്ടാമത്തെയാൾ ഇല്ലാത്തതാണ് എ.ഐ.എ.ഡി.എം.കെ നേരിടുന്ന പ്രധാന വെല്ലുവിളി. എന്നാൽ സര്‍ക്കാറിന്‍റെ പ്രവര്‍ത്തനങ്ങളെ ജയലളിതയുടെ രോഗം ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നാണ് എ.ഐ.ഡി.എം.കെ നേതൃത്വം അവകാശപ്പെടുന്നത്. കാവേരി തര്‍ക്കത്തില്‍ സംസ്ഥാനത്തിന്‍റെ നിലപാടുകള്‍ യഥാസമയം മുന്നോട്ടുവെക്കാന്‍ കഴിഞ്ഞത് അതിന് തെളിവായി അവര്‍ ഉന്നയിക്കുകയും ചെയ്യുന്നു. എങ്കിലും കാവേരി നദീജല തര്‍ക്കവും വരാനിരിക്കുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പും നേതൃത്വത്തിന് വെല്ലുവിളി തന്നെയാണ്.

മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ജയലളിതയെ ചികിത്സിക്കുന്ന അപ്പോളോ ആശുപത്രിയില്‍ ഓരോ മണിക്കൂറിലും വന്നുപോകുന്നുണ്ട്. രാഷ്ട്രീയ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ജയലളിതയുടെ ഉറ്റ തോഴി ശശികലയാണെന്നാണ് സൂചന. എന്നാല്‍ സംസ്ഥാനം നാഥനില്ലാത്ത നിലയിലായെന്നും കാവല്‍ മുഖ്യമന്ത്രിയെ നിയമിക്കണമെന്നും ഡി.എം.ഡി.കെ നേതാവും ചലച്ചിത്ര നടനുമായ വിജയകാന്ത് ആവശ്യപ്പെട്ടു. ദൈനംദിന പ്രവര്‍ത്തനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്രവും ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ജയലളിതയുടെ ആരോഗ്യനില ജനങ്ങളെ അറിയിക്കണമെന്ന് കാണിച്ച് പൊതുപ്രവർത്തകനായ ട്രാഫിക് രാമസാമി മദ്രാസ് ഹൈകോടതിയിൽ നൽകിയ ഹരജി ഇന്ന് ഉച്ചക്ക് ശേഷം പരിഗണിക്കുമെന്നാണ് അറിയുന്നത്. അടിയന്തര പ്രാധാന്യമുള്ള കേസാണെന്ന് കാണിച്ച് ഇദ്ദേഹം കോടതിയിൽ അപേക്ഷ നൽകും. ഹരജി പരിഗണിക്കവെ, ജയലളിതയുടെ ആരോഗ്യനില ജനങ്ങളെ അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാറിനും ബാധ്യതയുണ്ടെന്ന് മദ്രാസ് ഹൈകോടതിയുടെ നിരീക്ഷിച്ചിരുന്നു. സര്‍ക്കാറുമായി ആലോചിച്ച് മുഖ്യമന്ത്രിയുടെ ആരോഗ്യനില സംബന്ധിച്ച് മറുപടി നല്‍കാന്‍ അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ സി. മണിശങ്കറോട് കോടതി നിര്‍ദേശിച്ചിരുന്നു.