കാൺപൂർ ട്രെയിൻ ദുരന്തം: മരണം 142 ആയി

01:06 pm 21/11/2016
kanpur-train-accident_650x400_41479622587
കാൺപൂർ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരിൽ ഇന്ദോര്‍-പട്ന എക്സ്പ്രസ് പാളംതെറ്റിയുണ്ടായ അപകടത്തിലെ മരണസംഖ്യ 142 ആയി ഉയർന്നു. സംഭവ സ്ഥലത്ത് നടത്തിയ വിശദ പരിശോധനയിലാണ് എസ്2 കോച്ചിനുള്ളിൽ നിന്നും കുടുങ്ങി കിടന്ന കൂടുതൽ മൃതദേഹങ്ങൾ ദേശീയ ദുരന്തനിവാരണ സേന കണ്ടെടുത്തത്.

ട്രാക്ക് പുനഃസ്ഥാപിക്കുന്നതിനായി മറിഞ്ഞ കോച്ചുകൾ നീക്കം ചെയ്യുന്നതിനിടെയാണ് നാലു പുരഷന്മാരുടെയും നാലു സ്ത്രീകളുടെയും തിരിച്ചറിയാത്ത രണ്ടു പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്. ഗ്യാസ് കട്ടർ ഉപയോഗിച്ച് ബോഗികൾ വേർപ്പെടുത്തിയാണ് പരിശോധന നടത്തുന്നത്.

അതേസമയം, ട്രാക്ക് പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തിയിട്ടുണ്ട്. വൈകീട്ടോടെ പുതിയ പാളത്തിലൂടെ ട്രെയിൻ സർവീസ് പുനരാരംഭിക്കാൻ സാധിക്കുമെന്നാണ് റെയിൽവേ അധികൃതർ അറിയിച്ചിട്ടുള്ളത്.

ഞായറാഴ്ച പുലര്‍ച്ചെയാണ് കാണ്‍പൂരില്‍നിന്ന് 60 കിലോമീറ്റര്‍ അകലെ പുഖ്രായനില്‍ ഇന്ദോര്‍-പട്ന എക്സ്പ്രസ് പാളംതെറ്റിയത്. പാളത്തിലുണ്ടായ വിള്ളലാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ പരിക്കേറ്റ ഇരുനൂറിലധികം പേർ ആശുപത്രിയിൽ ചികിത്സയിലാണ്.