കിണറ്റില്‍ വീണ യുവാവിനെ രണ്ടുദിവസത്തിനുശേഷം പേരാമ്പ്ര ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി.

11:45 AM 08/08/2016
download (3)
പേരാമ്പ്ര: കൂട്ടാലിടയില്‍ കോട്ടക്കുന്നുമ്മല്‍ ഷിജുവാണ് (35) രണ്ടുദിവസം പൊട്ടക്കിണറ്റില്‍ കിടന്നശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്നത്. വീടിന് കുറച്ച് ദൂരത്തായുള്ള ആള്‍ താമസമില്ലാത്ത പറമ്പിലെ പൊട്ടക്കിണറ്റിലാണ് ഷിജു വീണത്.

പറമ്പിന്‍െറ ഉടമ കുറച്ചകലെയായി താമസിക്കുന്നുണ്ട്. ഇദ്ദേഹത്തിന്‍െറ പറമ്പിലെ തെങ്ങില്‍ കയറിയ പണം വാങ്ങാന്‍ പോകുമ്പോഴാണത്രെ കാടുപിടിച്ചു കിടക്കുന്ന കിണറ്റില്‍ കാല്‍തെറ്റി വീണത്. സമീപത്തൊന്നും ആള്‍താമസമില്ലാത്തതുകാരണം ഷിജുവിന്‍െറ നിലവിളി ആരും കേട്ടില്ല. എന്നാല്‍, ശനിയാഴ്ച രാത്രി 11ഓടെ ഈ പറമ്പിന് സമീപത്തുകൂടി പോവുകയായിരുന്ന ആള്‍ കിണറില്‍നിന്ന് ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ഷിജുവിനെ കണ്ടത്. നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചതോടെ ലീഡിങ് ഫയര്‍മാന്‍ സജി ചാക്കോയുടെ നേതൃത്വത്തിലെ സംഘം വന്ന് ഷിജുവിനെ കിണറ്റില്‍നിന്ന് കരക്കത്തെിക്കുകയായിരുന്നു. കാലില്‍ നിസ്സാര പരിക്കേറ്റ ഷിജു പേരാമ്പ്ര താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. ഷിജുവിനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് കിണറ്റില്‍ നിന്നുള്ള തിരിച്ചുവരവ്.