കിയാ മോട്ടോഴ്‌സ് ഇന്ത്യയിലേക്ക് എത്തും

09:20am 24/7/2016
download (8)

സീയൂള്‍: ദക്ഷിണകൊറിയന്‍ കമ്പനിയായ കിയാ മോട്ടോഴ്‌സ് കോര്‍പ് ഇന്ത്യയില്‍ ആദ്യ നിര്‍മാണ പ്ലാന്റ് തുടങ്ങാനായി സ്ഥലമെടുക്കാനെത്തും. സ്ഥലമെടുപ്പ് അടുത്ത മാസം നടക്കുമെന്നാണു സൂചന. വാഹനവില്പനയില്‍ രാജ്യത്തു രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടായി മോട്ടോര്‍ കോര്‍പുമായി സഹകരിച്ചാകും കിയയുടെ ഇന്ത്യയിലെ പ്രവര്‍ത്തനം. നിശ്ചിത ഫാക്ടറിയുടെ പ്രവര്‍ത്തനം 2019ല്‍ തുടങ്ങാനും പ്രതിവര്‍ഷം മൂന്നു ലക്ഷം കിയ വാഹനങ്ങള്‍ പുറത്തിറക്കാനുമാണു പദ്ധതി. കഴിഞ്ഞ വര്‍ഷം 30.5 ലക്ഷം കാറുകളാണ് കിയ മോട്ടോഴ്‌സ് ആഗോളവ്യാപകമായി വിറ്റഴിച്ചത്.

2020 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കാര്‍ മാര്‍ക്കറ്റായി ഇന്ത്യ മാറുമെന്നാണു വിലയിരുത്തല്‍. ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. 2015ല്‍ വാര്‍ഷിക കാര്‍ വില്പന 50 ലക്ഷത്തോടുത്തു. നേരത്തേ 27 ലക്ഷമായിരുന്നു.

ഇന്ത്യയിലേക്ക് കിയ എത്തുമെന്നതില്‍ തീരുമാനമായെങ്കിലും ഏതു മോഡലായിരിക്കും നിര്‍മിക്കുകയെന്നത് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഓഗസ്റ്റില്‍ പരിഗണനയിലിരിക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് സെപ്റ്റംബറില്‍ പ്ലാന്റിന്റെ നിര്‍മാണ പ്രഖ്യാപനമുണ്ടാകുമെന്നാണ് കമ്പനി വൃത്തങ്ങള്‍ നല്കുന്ന സൂചന. ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് കമ്പനിയുടെ പരിഗണനയിലുള്ളത്. എങ്കിലും ഹ്യുണ്ടായിയുടെ പ്ലാന്റുകളുള്ള തമിഴ്‌നാടിനോട് ഏറ്റവും അടുത്ത അന്ധ്രപ്രദേശിനാണ് സാധ്യത കൂടുതല്‍.

ആഗോള കാര്‍ വില്പനയില്‍ 57 ശതമാനം കൈപ്പിടിയിലുള്ള കിയ ഇന്ത്യയിലെത്തുന്നത് മാരുതിക്കു ഭീഷണിയാകുമോ എന്നു സംശയം ഉയരുന്നുണ്ട്. രാജ്യത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്നത് ചെറുകാറുകളാണ്. ഹ്യുണ്ടായി ഏറ്റവുമധികം ഇറക്കുന്നത് വില കുറഞ്ഞ മോഡലുകളുമാണ്. ഇന്ത്യന്‍ വിപണി പിടിച്ചടക്കാന്‍ എന്തു മാര്‍ഗമായിരിക്കും കിയ സ്വീകരിക്കുകയെന്ന് വ്യവസായലോകം ഉറ്റുനോക്കുന്നുണ്ട്.