11:16am 6/3/2016
റിയാദ്: ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി ഫ്രാന്‍സിലത്തെിയ സൗദി കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസ് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളന്റെ, പ്രധാനമന്ത്രി ഇമ്മാനുവല്‍ വാള്‍സ്, പ്രതിരോധ മന്ത്രി ജോണ്‍ എഫ്. ഒഡ്രിയന് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് കിരീടാവകാശിയുടെ സന്ദര്‍ശനം. മേഖലയിലെ രാഷ്ട്രീയ, സാമ്പത്തിക പ്രശ്നങ്ങളും ഉഭയകക്ഷി ബന്ധങ്ങളും ചര്‍ച്ചാ വിഷയമായി.
ഫ്രാന്‍സിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ‘ലീജിയന് ഓഫ് ഹോണര്‍’ പ്രസിഡന്റ് കിരീടാവകശിക്ക് സമ്മാനിച്ചു. സൗദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍, സാംസ്കാരിക മന്ത്രി ഡോ. ആദില്‍ ബിന്‍ സെയ്ദ് അല്‍തുറൈഫി തുടങ്ങിയവരും കിരീടാവകാശിയെ അനുഗമിക്കുന്നുണ്ട്. ഫ്രാന്‍സില്‍ നിന്ന് സൈനിക സാമഗ്രികള്‍ വാങ്ങുന്നതിന് ലെബനാന് സൗദി നല്‍കാനിരുന്ന 300 കോടി ഡോളറിന്റെ സഹായം നിര്‍ത്തലാക്കിയതിന്റെ പശ്ചാത്തലത്തിലാണ് കിരീടാവകാശിയുടെ സന്ദര്‍ശനം.