കിഴക്കമ്പലം പീഡനം പ്രധാനപ്രതി വലയില്‍

02;33pm 1/7/2016
download
ആലുവ: ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിലെ പ്രധാന പ്രതി പോലീസിന്റെ വലയിലായതായി സൂചന. കിഴക്കമ്പലത്തെ ടൂറിസ്റ്റ് കേന്ദ്രമായ കടമ്പറയാറിലെ റിസോര്‍ട്ടിലെത്തി പീഡിപ്പിച്ചയാളാണിത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്ത നാലുപേരെടക്കം ഏഴു പ്രതികളെ കുന്നത്തുനാട് സിഐ ജെ. കുര്യാക്കോസിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. റൂറല്‍ എസ്പി പി.എന്‍.ഉണ്ണിരാജയുടെ നിര്‍ദേശപ്രകാരം പിടിയിലാകാനുള്ള പ്രതികള്‍ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി.

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സമീപവാസിയായ സ്ത്രീയാണ് വശീകരിച്ച് പ്രതികള്‍ക്ക് എത്തിച്ചുകൊടുത്തതെന്ന് പോലീസ് കണെ്ടത്തിയിട്ടുണ്ട്. ഈ സ്ത്രീയെക്കുറിച്ചുള്ള വ്യക്തമായ സൂചന പോലീസിന് ലഭിച്ചു. ഇപ്പോള്‍ പോലീസിന്റെ വലയിലുള്ളയാള്‍ മാത്രമാണ് പെണ്‍കുട്ടിയെ പീഡീപ്പിച്ചിരുന്നത്. ഇയാളുടെ പേരുമാത്രമായിരുന്നു പെണ്‍കുട്ടിയുടെ ഓര്‍മയില്‍ ഉണ്ടായിരുന്നത്. മൊബൈലില്‍ പകര്‍ത്തിയ ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി ഇയാള്‍ പീഡനം തുടരുകയും ചെയ്തു. മറ്റു പ്രതികള്‍ കുട്ടിയെ ഷോപ്പിംഗ് മാളുകളിലും ടൂറിസ്റ്റു കേന്ദ്രങ്ങളിലെത്തിച്ച് ശാരീരികമായി ഉപദ്രവിച്ചവരാണ്.

പെണ്‍കുട്ടി ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു പീഡനം നടന്നത്. ഇപ്പോള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. മാനസികാസ്വസ്ഥ്യം കാണിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചോദ്യം ചെയ്തതിലാണ് പീഡനവിവരം പുറത്തുവന്നത്. കുട്ടിയെ ജില്ലയ്ക്ക് പുറത്തുള്ള മറ്റൊരു സ്‌കൂളിലേയ്ക്ക് പഠനത്തിനായി മാറ്റിയിരുന്നെങ്കിലും അവിടെയും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍പാകെ ഹാജരാക്കി മൊഴിരേഖപ്പെടുത്തിയതിനുശേഷം കേസ് കുന്നത്തുനാട് സിഐയ്ക്ക് കൈമാറുകയായിരുന്നു.

കിഴക്കമ്പലം വിലങ്ങ് അറയ്ക്കല്‍ വീട്ടില്‍ ധനീഷ് (25) ഞാറള്ളൂര്‍ തടിയന്‍ വീട്ടില്‍ ജിബിന്‍ (10) കാക്കനാട് മുളന്തുരുത്തി വീട്ടില്‍ ആദര്‍ശ് (19) എന്നിവരാണ് അറസ്റ്റിലായ പ്രായപൂര്‍ത്തിയായ പ്രതികള്‍. പ്രധാന പ്രതിയടക്കം നാലുപേരെയാണ് പിടികൂടാനുള്ളത്. പ്രതികള്‍ക്കെതിരെ കുട്ടികള്‍ക്കെതിരായ അക്രമം തടയുന്ന പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പിടിയിലായ പ്രതികളെ റിമാന്റ് ചെയ്തു.