‘കിസപാതിയിൽ’ എന്ന ഗാനം ആരാധകർ നെഞ്ചേറ്റിക്കഴിഞ്ഞു.

01:47 PM 25/07/2016

പൊന്നാനിയുടെ പ്രണയ കഥ പറയുന്ന കിസ്മത്ത് എന്ന ചിത്രത്തിന്‍റെ ട്രൈലർ കണ്ട് കാത്തിരിപ്പാണ് സിനിമാ പ്രേമികൾ. കഴിഞ്ഞ ദിവസം ചിത്രത്തിലെ ഗാനം പുറത്തിറങ്ങിയതോടെ എല്ലാവരും ഇപ്പോൾ ഈ ഗാനത്തിന് പിറകെയാണ്. ‘കിസപാതിയിൽ’ എന്ന ഗാനം ആരാധകർ നെഞ്ചേറ്റിക്കഴിഞ്ഞു. വിനീത് ശ്രീനിവാസൻ, ഷാൻ റഹ്മാൻ, നിവിൻ പോളി, നസ്റിയ നസീം എന്നിവരെല്ലാം ഗാനം ഫേസ്ബുക്കിലൂടെ ഷെയർ ചെയ്തു. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. സച്ചിന്‍ ബാലുവാണ് ഗാനം ആലപിച്ചിരിക്കുന്നത്.

നവാഗതനായ ഷാനവാസ് കെ ബാവക്കുട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജീവ് രവിയുടെ നേതൃത്വത്തിലുള്ള ‘കളക്ടീവ് ഫേസ് വണ്‍’ നിര്‍മ്മിക്കുന്ന ചിത്രം ലാല്‍ ജോസിന്‍റെ എൽ.ജെ ഫിലിംസാണ് തീയേറ്ററുകളിലെത്തിക്കുന്നത്. ഷെയിന്‍ നിഗം, ശ്രുതി മേനോന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

സുരേഷ് രാജാണ് ചിത്രത്തിന് ഛായഗ്രഹണം നിർവഹിക്കുന്നത്. മോയിന്‍കുട്ടി വൈദ്യര്‍ , അന്‍വര്‍ അലി, റഫീഖ് അഹമ്മദ്, തുടങ്ങിയവരുടെ വരികൾക്ക് സംഗീതം ഒരുക്കുന്നത് സുമേഷ് പരമേശ്വരനും ഷമേജ് ശ്രീധറും ചേർന്നാണ്.

വിനയ് ഫോര്‍ട്ട്, അലന്‍സിയര്‍, ജയപ്രകാശ് കുളൂര്‍, സുനില്‍ സുഗദ, സജിത മഠത്തില്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രം 29ന് തിയേറ്ററുകളിലെത്തും.