കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞ പതിനാറുകാരി മാതാവ് അറസ്റ്റില്‍

08:05 pm 5/10/2016

– പി. പി. ചെറിയാന്‍
Newsimg1_29680063
ഒമഹ(നെബ്രസ്ക്ക) : അവിഹിത ഗര്‍ഭത്തിലൂടെ പ്രസവിച്ച പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത കുഞ്ഞിനെ രണ്ടാം നിലയിലെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞ പതിനാറുകാരിയെ അറസ്റ്റ് ചെയ്ത് കൊലപാതകത്തിന് കേസെടുത്തതായി ഒമഹാ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. മുതിര്‍ന്നവര്‍ക്കെതിരെ ചാര്‍ജ് ചെയ്യുന്ന വകുപ്പുകളനുസരിച്ചാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സെപ്റ്റംബര്‍ 30 വെളളിയാഴ്ച പുലര്‍ച്ച 4.12നായിരുന്നു സംഭവം. അന്റോണിയൊ ലോപസിന്റെ മാതാവാണ് വിവരം പൊലീസിനെ അറിയിച്ചത്. കുഞ്ഞിനെ സിപിആര്‍ നല്‍കി രക്ഷപ്പെടുത്തുന്നതിനുളള ശ്രമം വിജയിച്ചില്ല. ക്രിങ്ങ്ടണ്‍ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ കുഞ്ഞിനെ പ്രവേശിപ്പിച്ചുവെങ്കിലും മരണമടഞ്ഞിരുന്നു. കേസില്‍ അറസ്റ്റു ചെയ്ത പെണ്‍കുട്ടിയെ ഡഗ്ലസ് കൗണ്ടി യൂത്ത് സെന്ററിലേക്ക് മാറ്റി. ഇവര്‍ക്ക് അറ്റോര്‍ണിയുടെ സേവനം ലഭ്യമായതായി വിവരം ലഭിച്ചിട്ടില്ല. ഓട്ടോപ്‌സി റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷമേ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകൂ എന്ന് ഒമഹാ പൊലീസ് പറഞ്ഞു