കുടിവെള്ളം നല്‍കാന്‍ പോലും ആരുമെത്തിയില്ല; ഗുരുതര ആരോപണങ്ങളുയര്‍ത്തി ഒ.പി.ജയ്ഷ

09:28 am 23/8/2016

Newsimg1_21526039
ബംഗളുരു: ഇന്ത്യന്‍ ഒളിമ്പിക് അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുയര്‍ത്തി മലയാളി താരം ഒ.പി.ജയ്ഷ. വനിതകളുടെ മാരത്തണ്‍ മത്സരത്തിനിടെ കുടിവെള്ളം പോലും നല്‍കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ലെന്ന് ജെയ്ഷ വെളിപ്പെടുത്തി. .42 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മാരത്തണില്‍ പങ്കെടുത്ത ജെയ്ഷ തളര്‍ന്നുവീണിരുന്നു. രണ്ട് മണിക്കൂറിന് ശേഷമാണ് ജെയ്ഷക്ക് ബോധം വന്നത്. കുടിവെള്ളം, ഗ്ലൂക്കോസ്, എനര്‍ജി ജെല്ലുകള്‍ എന്നിവ മാരത്തണ്‍ താരങ്ങള്‍ക്ക് അതാത് രാജ്യങ്ങള്‍ നല്‍കാറുണ്ട്. ഓരോ രണ്ടര കിലോമീറ്റര്‍ പിന്നിടുമ്പോഴും താരങ്ങള്‍ക്ക് ഇവ നല്‍കും. എന്നാല്‍, മാരത്തണ്‍ ഓടുന്ന നിരത്തുകളിലുള്ള ഇന്ത്യന്‍ െഡസ്‌കുകള്‍ കാലിയായിരുന്നു. മറ്റു രാജ്യങ്ങളുടെ കൗണ്ടറുകളില്‍നിന്ന് കുടിവെള്ളവും മറ്റും എടുക്കുന്നത് അയോഗ്യയാക്കപ്പെടാനും ഇടയാക്കും. ജെയ്ഷക്ക് ഒരുപരിധിവരെ സഹായകരമായത് ഒളിംപിക് കമ്മിറ്റി തയാറാക്കിയ ഡെസ്‌ക്കുകളാണ്.എട്ടു കിലോമീറ്റര്‍ പിന്നിടുമ്പോള്‍ മാത്രമേ അവ ലഭ്യമാകുകയുള്ളൂ.

30 കിലോമീറ്റര്‍ പിന്നിട്ടതോടെ ഇനി ഓടാനാവാത്ത അവസ്ഥയിലായിരുന്നുവെന്നും ജയ്ഷ വെളിപ്പെടുത്തി. ‘അത്രയും ചൂടില്‍ അത്രയും ദൂരം ഓടുമ്പോള്‍ നിങ്ങള്‍ക്ക് വളരെയധികം വെള്ളം ആവശ്യമാണ്. മറ്റു അത്‌ലറ്റുകള്‍ക്ക് വഴിയില്‍ ഭക്ഷണം ലഭിച്ചിരുന്നു. തനിക്ക് ഒന്നും ലഭിച്ചില്ല. ഒറ്റ ഇന്ത്യന്‍ പതാക കാണാന്‍ പോലും തനിക്ക് കഴിഞ്ഞില്ല ജെയ്ഷ വ്യക്തമാക്കി. യഥാര്‍ഥത്തില്‍ മാരത്തണ്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ താന്‍ ആഗ്രഹിച്ചില്ല എന്നും ജെയ്ഷ വെളിപ്പെടുത്തി. താന്‍ 1500 മീറ്റര്‍ ഓട്ടത്തെയാണ് ഇഷ്ടപ്പെടുന്നത്. മാരത്തണ്‍ തനിക്ക് ഇഷ്ടമല്ല. ആളുകള്‍ പണത്തിനായി മാരത്തോണ്‍ ഓടുന്നു. തനിക്ക് പണത്തോട് താത്പര്യമില്ലെന്നും മലയാളി താരം പറഞ്ഞു.

ഒടുവില്‍ 42 കിലോമീറ്റര്‍ ദൂരം ഓടിത്തീര്‍ത്ത ജയ്ഷ ഫിനിഷിങ് ലൈനില്‍ തളര്‍ന്നുവീണിരുന്നു. ഈ സമയത്ത് ടീം ഡോക്ടര്‍ പോലും സ്ഥലത്തില്ലായിരുന്നു. പുരുഷവിഭാഗം മാരത്തണില്‍ പങ്കെടുക്കാനെത്തിയ മലയാളി താരം ടി.ഗോപിയും പരിശീലകന്‍ രാധാകൃഷ്ണന്‍ നായരും മാത്രമാണ് ഒടുവില്‍ ജയ്ഷക്ക് തുണയായത്. പിന്നീട് ഒളിമ്പിക്‌സ് മെഡിക്കല്‍ സംഘമാണ് ജയ്ഷയെ ആശുപത്രിയിലാക്കി. ആശുപത്രിയില്‍ ഏഴോളം ഗ്ലൂക്കോസ് ബോട്ടില്‍ ജെയ്ഷയുടെ ശരീരത്തില്‍ കയറ്റേണ്ടി വന്നു. ബംഗളൂരുവില്‍ മടങ്ങിയെത്തിയ ജെയ്ഷയുടെ ആരോഗ്യസ്ഥിതിയില്‍ ഡോക്ടര്‍മാര്‍ ആശങ്ക അറിയിച്ചിരുന്നു.

ബെയ്ജിങ്ങില്‍ നടന്ന ലോകചാംപ്യന്‍ഷിപ്പില്‍ രണ്ടു മണിക്കൂറും 34 മിനിറ്റുമെടുത്ത് മാരത്തണ്‍ ഓടിയ ജെയ്ഷ രണ്ട് മണിക്കൂറും 47 മിനിറ്റുമെടുത്താണ് റിയോയിലെ ഓട്ടം പൂര്‍ത്തിയാക്കിയത്. ആകെ 157 പേര്‍ പങ്കെടുത്ത മാരത്തണില്‍ 89ാം സ്ഥാനത്താണ് ജെയ്ഷ ഫിനിഷ് ചെയ്തത്. റിയോയില്‍ ജെയ്ഷയുടെ റൂംമേറ്റ് ആയിരുന്ന സുധാ സിങിനെ അണുബാധ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.