കുടുംബ കലഹം : ഭാര്യയെ കൊലപ്പെടുത്തിയ നിതിന്‍ സിങ്ങ് അറസ്റ്റില്‍

09:22am 24/7/2016
പി.പി.ചെറിയാന്‍

unnamed
ന്യുജഴ്‌സി : കുടുംബ കലഹത്തെ തുടര്‍ന്ന് നാല്പത്തി രണ്ടുകാരിയായ ഭാര്യ സീമയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജനായ ഭര്‍ത്താവ് നിതിന്‍ സിങ്ങിനെ ന്യുജഴ്‌സി പൊലീസ് അറസ്റ്റ് ചെയ്തു.

ജൂലൈ 19 രാവിലെയായിരുന്നു സംഭവം. മുറിയില്‍ കിടന്നുറങ്ങിയിരുന്ന സീമയെ വയറ്റിലും മുഖത്തും മാറിലും നിരവധി തവണ കുത്തിയാണ് മരണം ഉറപ്പാക്കിയത്. തുടര്‍ന്ന് സിങ്ങ് തന്നെ പൊലീസില്‍ വിവരം അറിയിച്ചു. സംഭവ സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. സേലം കൗണ്ടി കറക്ഷണല്‍ ഫെസിലിറ്റിയില്‍ കൊണ്ടു വന്ന പ്രതിക്ക് 1 മില്യണ്‍ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

ടൗണില്‍ ദീര്‍ഘകാലമായി ക്വിക്ക് ഷോപ്പും, ഡലിയും നടത്തിയിരുന്ന സിങ്ങ് ശാന്ത സ്വഭാവക്കാരനാണെന്നാണ് സമീപത്തുളള താമസക്കാര്‍ അഭിപ്രായപ്പെട്ടത്.

വീട്ടില്‍ 16ഉം, 6ഉം , 5ഉം വയസുളള കുട്ടികള്‍ ഉറങ്ങി കിടക്കുമ്പോഴായിരുന്നു കൊലപാതകം നടന്നത്. സിങ്ങിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്താണെന്ന് അന്വേഷിച്ചു വരുന്നതായി ന്യുജഴ്‌സി പൊലീസ് അറിയിച്ചു.