കുട്ടികളെ ക്രിസ്തു ശിഷ്യരാക്കുന്നതിനുളള നിയോഗം സ്മരിക്കപ്പെടേണ്ട അവസരം: യൂയാക്കിം മാര്‍ കൂറിലോസ്

11:54 am 8/11/2016

– പി. പി. ചെറിയാന്‍
0000000
ന്യുയോര്‍ക്ക് : കുട്ടികളെ ക്രിസ്തു ശിഷ്യരാക്കുന്നതിനുളള നിയോഗം ഒരിക്കല്‍ കൂടി സ്മരിക്കപ്പെടുന്നതിനും പുതുക്കുന്നതിനുളള അവസരമായി അഖില ലോക സണ്‍ഡേ സ്കൂള്‍ദിനം മാറണമെന്ന് മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ സണ്‍ഡേ സ്കൂള്‍ സമാജം പ്രസിഡന്റ് റ്റൈറ്റ്. റവ. ഡോ. യൂയാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പാ ഉദ്‌ബോധിപ്പിച്ചു.

നവംബര്‍ 6ന് മാര്‍ത്തോമ സഭാ അഖില ലോക സണ്‍ഡേ സ്കൂള്‍ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും സഭാംഗങ്ങള്‍ക്കും നല്‍കിയ സന്ദേശത്തിലാണ് എപ്പിസ്‌കോപ്പാ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്.

മാര്‍ത്തോമ സഭയുടെ അടിസ്ഥാന പ്രസ്ഥാനമായ മാര്‍ത്തോമ സണ്‍ഡേ സ്കൂള്‍ സമാജത്തിലൂടെ കഴിഞ്ഞ 111 വര്‍ഷമായി നിറവേറ്റിവരുന്ന ശുശ്രൂഷ ചാരിതാര്‍ത്ഥ്യജനകമാണ്. റോബര്‍ട്ട് റെയ്ക്‌സിലൂടെ ആരംഭിച്ച സണ്‍ഡേ സ്കൂള്‍ പ്രസ്ഥാനം ‘യേശുവിങ്കലേക്ക് വരിക, ഓരോ കുട്ടിയേയും യേശുവിലേക്ക് നയിക്കുക’ എന്ന ആപ്തവാക്യം ഉയര്‍ത്തി അനേകം തലമുറകളെ വളര്‍ത്തുന്നതിനും ഉറപ്പിക്കുന്നതിനും ഇടയായിട്ടുളളതായി തിരുമേനി അനുസ്മരിച്ചു.

അഖില ലോക സണ്‍ഡേ സ്കൂള്‍ ദിനമായ നവംബര്‍ 6ന് നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തില്‍ ഉള്‍പ്പെട്ട എല്ലാ പളളികളും പ്രത്യേക ആരാധനയും പ്രത്യേക സ്‌തോത്രകാഴ്ചയും ക്രമീകരിച്ചിരുന്നു. പളളിയിലെ ആരാധനകള്‍ക്കും ധ്യാനപ്രസംഗങ്ങള്‍ക്കും സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും നേതൃത്വം നല്‍കി. ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ചില്‍ സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥിനി നിഷാ കോശി നടത്തിയ ധ്യാന പ്രസംഗം ഹൃദയസ്പര്‍ശിയായിരുന്നു.