കുട്ടിയുടെ പേര് സംരക്ഷണച്ചുമതലയുള്ളവര്‍ നിര്‍ദേശിക്കണമെന്ന് കോടതി

09:02 am 9/09/2016
images (3)
കൊച്ചി: കുട്ടിയുടെ സംരക്ഷണച്ചുമതലയുള്ള വ്യക്തിയുടെ നിര്‍ദേശ പ്രകാരമാകണം വിവാഹമോചിതരായ ദമ്പതികളുടെ കുട്ടിയുടെ പേര് ഒൗദ്യോഗിക രേഖകളില്‍ രേഖപ്പെടുത്തേണ്ടതെന്ന് ഹൈകോടതി. ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ നിലനില്‍ക്കെ സമാന ആവശ്യമുന്നയിച്ച് മാതാവ് നല്‍കിയ അപേക്ഷ നിരസിച്ച ജനന മരണ രജിസ്ട്രാര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാനും സിംഗ്ള്‍ബെഞ്ച് നിര്‍ദേശിച്ചു. മകന്‍െറ ജനന സര്‍ട്ടിഫിക്കറ്റിലെ പേര് മുഹമ്മദ് നസ്ഹാന്‍ എന്നാക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം അരീക്കോട് സ്വദേശിനി വി. ഹെംന നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.

മഞ്ചേരി നഗരസഭ നല്‍കിയ ജനന സര്‍ട്ടിഫിക്കറ്റില്‍ കുട്ടിയുടെ പേര് കെന്‍സ് അഹമ്മദ് എന്ന് രേഖപ്പെടുത്തിയത് കുട്ടിയുടെ സംരക്ഷണ ചുമതലയുള്ള തന്‍െറ അറിവോടെയല്ളെന്നും ഇത് നീക്കി താന്‍ നിര്‍ദേശിച്ച പേര് നിലനിര്‍ത്തണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. തന്‍െറ വ്യാജ ഒപ്പിട്ട് ഭര്‍ത്താവായിരുന്നയാള്‍ നല്‍കിയ അപേക്ഷയുടെ മറവിലാണ് കെന്‍സ് മുഹമ്മദ് എന്ന പേരില്‍ സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ചത്. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതിന്് റിയാസിനെതിരെ താന്‍ പൊലീസില്‍ പരാതി നല്‍കിയതായി ഹെംന ഹരജിയില്‍ പറയുന്നു.

വിവാഹമോചനം നേടിയശേഷം കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റിന് താന്‍ ഒപ്പിട്ട് അപേക്ഷ നല്‍കിയില്ളെന്ന ഹരജിക്കാരിയുടെ വാദം അംഗീകരിച്ച സിംഗ്ള്‍ബെഞ്ച് സര്‍ക്കാറിന്‍െറ സര്‍ക്കുലര്‍ നിലവിലുള്ളതിന്‍െറ അടിസ്ഥാനത്തില്‍ കുട്ടിയുടെ പേര് മുഹമ്മദ് നസ്ഹാന്‍ എന്നാക്കാന്‍ ഉത്തരവിട്ടു.
രജിസ്ട്രാറുടെ നടപടി ഗുരുതര കൃത്യവിലോപമാണെന്ന് വിലയിരുത്തിയ കോടതി തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ നിര്‍ദേശിച്ചത്.