കുട്ടി ക്രിക്കറ്റിലെ രാജാക്കന്‍മാരായി വിന്‍ഡീസ്

12.51 AM 04-04-2016
08-West-Indies-Team-Squad-ICC-T20-World-Cup-2016-500x350 (1)
കരീബിയന്‍ കരുത്തിന് മുമ്പില്‍ ഇംഗ്ലീഷുകാര്‍ പത്തി മടക്കിയപ്പോള്‍ വനിതകള്‍ക്ക് പിന്നാലെ ഈഡന്‍ഗാര്‍ഡനില്‍ വിന്‍ഡീസ് പുരുഷന്മാരും ട്വന്റി-20 ലോകകപ്പ് കിരീടമുയര്‍ത്തി. കലാശപോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ നാലു വിക്കറ്റിന് കീഴടക്കിയാണ് വിന്‍ഡീസ് കിരീടം സ്വന്തമാക്കിയത്. അവസാന ഓവറിലെ ആദ്യ നാലു പന്തും സിക്‌സര്‍ പായിച്ച കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റാണ് വെസ്റ്റ് ഇന്‍ഡീസിനെ കിരീടമണിയിച്ചത്. അപരാജിത അര്‍ധ സെഞ്ചുറിയുമായി ഒരറ്റത്ത് പൊരുതി നിന്ന മര്‍ലോണ്‍ സാമുവേല്‍സിനെ(66 പന്തില്‍ 85) സാക്ഷിയാക്കിയാണ് ബ്രാത്ത്‌വെയ്റ്റ് സിക്‌സറുകള്‍ പറത്തിയത്. സ്‌കോര്‍: ഇംഗ്ലണ്ട് 20 ഓവറില്‍ ഒമ്പതിന് 155. വെസ്റ്റ് ഇന്‍ഡീസ് 19.4 ഓവറില്‍ ആറിന് 161. മര്‍ലോണ്‍ സാമുവേല്‍സാണ് കളിയിലെ താരം.

മര്‍ലോണ്‍ സാമുവേല്‍സിന്റെ പോരാട്ട വീര്യമാണ് വിന്‍ഡീസിനെ വിജയത്തിലെത്തിച്ചത്. 156 എന്ന നിസാര വിജയലക്ഷ്യം നേടാന്‍ ക്രീസിലെത്തിയ വമ്പനടിക്കാരായ ക്രിസ് ഗെയില്‍(4), ജോണ്‍സണ്‍ ചാള്‍സ്(1), ലെന്‍ഡില്‍ സിമ്മണ്‍സ്(0) എന്നിവര്‍ വന്നപോലെ മടങ്ങിയപ്പോയപ്പോഴും സാമുവേല്‍സ് ഒരറ്റത്തുനിന്നു വിക്കറ്റ് കാത്തു. മൂന്നു ഓവറില്‍ 11 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന വിന്‍ഡീസിനെ നാലാം വിക്കറ്റില്‍ ഡ്വെയ്ന്‍ ബ്രാവോയുടെ(25) ഒപ്പം സാമുവേല്‍സ് മുന്നോട് നയിച്ചു. ആദില്‍ റഷീദിനു വിക്കറ്റ് നല്‍കി ഡ്വെയ്ന്‍ ബ്രാവോയും പിന്നാലെ ആന്ദ്രേ റസലും(1) ഡാരന്‍ സമിയും(2) പോയതോടെ വിന്‍ഡീസ് വീണ്ടും തിരിച്ചടി നേരിട്ടു.

എന്നാല്‍ സാമുവേല്‍സിനു കൂട്ടായി കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ് എത്തിയതോടെ വിന്‍ഡീസ് ഉയര്‍ത്തെഴുന്നേറ്റു. പന്തുകള്‍ സാമുവേല്‍സ് അതിര്‍ത്തി കടത്തിയതോടെ വിന്‍ഡീസിന്റെ കിരീട മോഹങ്ങള്‍ ഉണര്‍ന്നു. അവസാന ഓവറില്‍ വിന്‍ഡീസിനു ജയിക്കാന്‍ 19 റണ്‍സ്. ഇതോടെയാണ് ബ്രാത്ത്‌വെയ്റ്റ് തനിനിറം കാട്ടിയത്. ഇംഗ്ലീഷ് പടയുടെ കിരീട മോഹങ്ങളെ തട്ടിയകറ്റി ബെന്‍ സ്റ്റോക്ക്‌സിനെ തുടരെ നാലു സിക്‌സറുകള്‍ പായിച്ച് ബ്രാത്ത്‌വെയ്റ്റ് വിന്‍ഡീസിന് രണ്ടാം ട്വന്റി-20 കിരീടം നേടികൊടുത്തു. 2012ല്‍ ശ്രീലങ്കയെ തോല്‍പിച്ചാണ് വിന്‍ഡീസ് ആദ്യ കിരീടം സ്വന്തമാക്കിയത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് എടുത്തു. ഇംഗ്ലീഷ് ബാറ്റിംഗ് നിരയുടെ തുടക്കം തന്നെ തകര്‍ച്ചയോടെ ആയിരുന്നു. ആദ്യ ഓവറില്‍തന്നെ സംപൂജ്യനായി വിനാശകാരിയായ ജേസണ്‍ റോയി മടങ്ങി. സാമുവല്‍ ബദ്രിയാണ് വിക്കറ്റെടുത്തത്. തൊട്ടടുത്ത ഓവറില്‍ റസലിന് വിക്കറ്റ് നല്‍കി അലക്‌സ് ഹെയ്ല്‍സും(1) അഞ്ചാം ഓവറില്‍ മോര്‍ഗനും(5) പവലിയന്‍ കയറിയതോടെ ഇംഗ്ലണ്ട് സമ്മര്‍ദത്തിലായി. എന്നാല്‍ നാലാം വിക്കറ്റില്‍ ജോ റൂട്ടിനു കൂട്ടായി ജോസ് ബട്‌ലര്‍ എത്തിയതോടെ ഇംഗ്ലണ്ട് ബാറ്റിംഗ് സ്‌കോര്‍ ചലിപ്പിക്കാന്‍ തുടങ്ങി. ജോസ് ബട്‌ലറും(22 പന്തില്‍ 36) പിന്നീട് ജോ റൂട്ടും(36 പന്തില്‍ 54) മടങ്ങിയതോടെ ഇംഗ്ലീഷ് സ്‌കോര്‍ മെല്ലേയായി. അവസാന ഓവറുകളില്‍ തുടരെ വിക്കറ്റ് നഷ്ടമായത് ഇംഗ്ലണ്ടിനു തിരിച്ചടിയായി. വലറ്റക്കാരന്‍ ഡേവിഡ് വില്ലി(21) ആണ് ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 150 കടത്തിയത്. ബ്രാത്ത്‌വെയ്റ്റ്, ഡ്വയ്ന്‍ ബ്രാവോ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതവും സാമുവല്‍ ബദ്രി രണ്ടും ആന്‍ഡ്രേ റസല്‍ ഒരു വിക്കറ്റു നേടി.