കുതിരയുടെ കാല്‍ തല്ലിയൊടിച്ചതില്‍ : ബി.ജെ.പി എം.എല്‍.എയെ അറസ്റ്റ് ചെയ്തു

10:40am 18/3/2016
Marwari_Horse_6393288

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ പ്രതിഷേധ മാര്‍ച്ചിനിടെ കുതിരയുടെ കാല്‍ തല്ലിയൊടിച്ച സംഭവത്തില്‍ ബി.ജെ.പി എം.എല്‍.എയെ പൊലീസ് അറസ്റ്റ് ചെയ്തു. എം.എല്‍.എ ഗണേഷ് ജോഷിയെയാണ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. ജോഷിക്കെതിരെ കേസെടുത്തിരുന്നുവെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ പ്രദീപ് ബോറ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു.

കുതിരയുടെ ആരോഗ്യനില ദിവസംതോറും മോശമായി വരികയാണെന്ന് പൊലീസ് മേധാവി മാധ്യമങ്ങളെ അറിയിച്ചു. കാലില്‍ ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. കാല്‍ മുറിച്ച് മാറ്റേണ്ടിവരില്ലെങ്കിലും പൂര്‍വസ്ഥിതിയിലാകില്ലെന്ന് വെറ്റിനറി ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. 10 ഡോക്ടര്‍മാരുടെ നേതൃത്തില്‍ അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയെ തുടര്‍ന്നാണ് കുതിര സുഖംപ്രാപിച്ചത്. പൊലീസ് കേന്ദ്രത്തില്‍ തന്നെ ശുശ്രൂഷിക്കുന്ന കുതിരയെ പരിപാലിക്കാന്‍ വന്‍സംഘം തന്നെയുണ്ട്. കുതിരക്ക് മികച്ച ചികിത്സ ഉറപ്പുവരുത്തുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് പറഞ്ഞു.

മാര്‍ച്ച്? 14ന് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാണ് ഉത്തരാഖണ്ഡ് കുതിരപ്പൊലീസിലെ ശക്തിമാന്‍ എന്ന കുതിരയുടെ ഇടത് പിന്‍കാല്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ അടിച്ചൊടിച്ചത്. മസൂറിയില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ആയ ഗണേഷ്? ജോഷിയുടെ നേതൃത്വത്തിലാണ്? പ്രകടനം നടന്നത്. നിയമസഭ മന്ദിരത്തിന് സമീപത്തുവെച്ചാണ് കുതിരയെ പ്രതിഷേധക്കാര്‍ ആക്രമിച്ചത്.