കുഴപ്പങ്ങളുണ്ടാക്കുന്നത് മതങ്ങളല്ല, മതങ്ങളെ കൊണ്ടുനടക്കുന്നവർ: ജസ്റ്റിസ് ബി. കമാൽപാഷ

10:15am 30/5/2016
unnamed

ആലുവ: സമൂഹത്തിൽ മതങ്ങളല്ല കുഴപ്പങ്ങളുണ്ടാക്കുന്നതെന്നും മതങ്ങളെ കൊണ്ടുനടക്കുന്നവരാണെന്നും ജസ്റ്റിസ് ബി. കമാൽപാഷ പറഞ്ഞു.
മിശ്രഭോജനത്തിന്റെയും യുക്തിവാദി പ്രസ്ഥാനത്തിന്റെയും ഒരു വർഷം നീണ്ടുനിൽക്കുന്ന നൂറാം വാർഷികാഘോഷ പരിപാടികൾ ആലുവയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജസ്റ്റിസ്. ഏത് മതവും അവരവരുടെ ആത്മീയതയിലൂടെ മാത്രം സഞ്ചരിച്ചാൽ കുഴപ്പങ്ങളുണ്ടാകില്ല. മതങ്ങളെ നയിക്കുന്നവർ മറ്റ് മേഖലകളിലേക്ക് കൊണ്ടുപോകുന്നതാണ് കുഴപ്പങ്ങൾക്ക് കാരണം. മത സൗഹർദ്ദമല്ല, മതങ്ങൾ തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. മതങ്ങളും വ്യക്തികളും തമ്മിൽ സോഷ്യൽ കോൺട്രാക്ട് (സാമൂഹികമായ കരാർ) വേണം. ഇത് തെറ്റിയാൽ ജീവിതത്തിലും സമൂഹത്തിലും താളപ്പിഴകളുണ്ടാകും. മിശ്രഭോജനം സാമൂഹികമായ കരാറിന്റെ ഓർമ്മപ്പെടുത്തലും പുതുക്കലുമാണ്.
എല്ലാ വിഭാഗം ആളുകൾക്കും വിവാഹപന്തലിൽ പോലും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ സാഹചര്യമൊരുക്കിയത് ശ്രീനാരായണ ഗുരുവും അയ്യൻകാളിയും സഹോദരൻ അയ്യപ്പനുമാണ്. പന്തിഭോജനത്തിന്റെ പേരിൽ സഹോദരൻ അയ്യപ്പനെ എല്ലാവരും ചേർന്ന് ഒറ്റപ്പെടുത്തിയപ്പോഴാണ് യുക്തിവാദിയായതെന്നും ജസ്റ്റിസ് ബി. കമാൽപാഷ പറഞ്ഞു. യോഗത്തിൽ മിശ്രവിവാഹ വേദി സംസ്ഥാന പ്രസിഡന്റ് രാജഗോപാൽ വാകത്താനം അദ്ധ്യക്ഷത വഹിച്ചു. യുക്തിവാദി സംഘം ജനറൽ സെക്രട്ടറി അഡ്വ. കെ.എൻ. അനിൽകുമാർ, പ്രൊഫ. കുസുമം ജോസഫ്, അമ്മിണി കെ. വയനാട്, എം.വി. ബെന്നി, ടി.കെ. ശശിധരൻ, ശൂരനാട് ഗോപൻ, പി.ഇ. സുധാകരൻ, എം.എം. അലിയാർ എന്നിവർ പ്രസംഗിച്ചു.
നേരത്തെ ചെറായി തുണ്ടിടംപറമ്പിൽ നിന്നാരംഭിച്ച നവോത്ഥാന ജാഥ ആലുവയിൽ സമാപിച്ചു. തുടർന്ന് അദ്വൈതാശ്രമത്തിൽ നടന്ന മതേതര സംഗമം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കെ.എൻ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ മുഖ്യപ്രഭാഷണം നടത്തി. ധനുവച്ചപുരം സുകുമാരൻ, രവി മൂവാറ്റുപുഴ, എം.എം. അലിയാർ, എഴുപുന്ന ഗോപിനാഥ് എന്നിവർ സംസാരിച്ചു.

caption….