കുവൈത്ത് പ്രധാനമന്ത്രി മന്ത്രിസഭയുടെ രാജി സമര്‍പ്പിച്ചു.

11:27 AM 29/11/2016

download (7)
കുവൈത്തില്‍ പതിനഞ്ചാമത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിച്ചതോടെ പ്രധാനമന്ത്രി മന്ത്രിസഭയുടെ രാജി സമര്‍പ്പിച്ചു. തന്റെ സര്‍ക്കാരിന് അമീര്‍ നല്‍കിയ പിന്തുണയ്ക്കും പ്രോത്സാഹനങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും താനും എല്ലാ മന്ത്രിമാരും കടപ്പെട്ടിരിക്കുന്നതായി പ്രധാനമന്ത്രി രാജിക്കത്തില്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി ഷേഖ് ജാബെര്‍ അല്‍മുബാരക് അല്‍ഹമദ് അല്‍സാബായുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ രാജിയാണ് ഇന്ന് ബയാന്‍പാലസില്‍ എത്തി അമീര്‍ഷേഖ് സാബാ അല്‍അഹ്‍മദ് അല്‍ജാബെര്‍ അല്‍സാബായ്ക്കു സമര്‍പ്പിച്ചത്. അടുത്ത കിരീടാവകാശിയായ ഷേഖ് നവാഫ് അല്‍അഹ്‍മദ് അല്‍ജാബെര്‍ അല്‍സാബായും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

അമീറിന്റെ നിര്‍ദേശാനുസരണവും അദ്ദേഹത്തിന്റെ കല്‍പ്പനപ്രകാരവുമാണ് മന്ത്രിസഭ രൂപീകരിച്ച്‌ നേതൃത്വം ഏറ്റെടുത്തതെന്ന് പ്രധാനമന്ത്രി രാജിക്കത്തില്‍ വ്യക്തമാക്കി. നിരവധി വെല്ലുവിളികള്‍ നിറഞ്ഞിരുന്ന കാലഘട്ടത്തിലാണ് രാജ്യത്തിന്റെ ഭരണം ഏറ്റെടുത്തതെന്നും വികസന ലക്ഷ്യവും, ജനതയുടെ താല്‍പര്യങ്ങളും പരമാവധി നിറവേറ്റാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സഹപ്രവര്‍ത്തകരായ മന്ത്രിമാരും തങ്ങളുടെ വകുപ്പുകളില്‍ നിരവധി നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ പാര്‍ലമെന്റിന്റെ കാലത്ത് എംപിമാര്‍ നല്‍കിയ നിര്‍ലോഭമായ പിന്തുണയ്ക്കും സഹകരണത്തിനും പ്രധാനമന്ത്രി നന്ദി പ്രകാശിപ്പിച്ചു.

രാജ്യപുരോഗതി ലക്ഷ്യമാക്കി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളില്‍ സഹകരിച്ച എല്ലാ പൗരന്‍മാരെയും പ്രധാനമന്ത്രി പ്രത്യേകം അനുസ്‍മരിച്ചു. പതിനഞ്ചാം പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് സുതാര്യമായും നിഷ്പക്ഷമായും നടത്തി ഫലങ്ങള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഭരണഘടനയനുസരിച്ച്‌ സര്‍ക്കാരിന്റെ രാജി അമീറിന് സമര്‍പ്പിച്ചത്. രാജ്യത്തിന്റെ വികസനത്തിനും സു:സ്ഥിതിക്കും കഴിഞ്ഞ പാര്‍ലമെന്റ് കാലയളവില്‍ പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും നല്‍കിയ സേവനങ്ങളെ അമീര്‍ പ്രകീര്‍ത്തിച്ചു.