കുവൈറ്റില്‍ വിദേശികളുടെ എണ്ണം നിയന്ത്രിക്കുമെന്ന് മന്ത്രി

09.37 AM 08-09-2016
Kuwait_760x400
കുവൈത്തില്‍ സ്വകാര്യ മേഖലയില്‍ വിദേശികളായ തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുന്നത് പരിഹരിക്കാന്‍ പുതിയ പദ്ധതികള്‍ തയ്യാറാക്കിയിട്ടുള്ളതായി തൊഴില്‍സാമൂഹികകാര്യ വകുപ്പ് മന്ത്രി. സ്വദേശികളുടെ ഇരട്ടിയിലധികവും വിദേശികള്‍ ഉള്ള സാഹചര്യത്തില്‍, പുതിയ പദ്ധതികളെ ബാധിക്കാത്ത തരത്തിലായിരിക്കും ഇവ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.
രാജ്യത്തെ സ്വദേശികളും വിദേശികളും തമ്മിലുള്ള ജനസംഖ്യാപരമായ അന്തരം കുറയക്കാനുള്ള പദ്ധതി തയാറാക്കിയിട്ടുള്ളതായാണ് തൊഴില്‍സാമൂഹിക കാര്യത്തിന്റെയും,ആസൂത്രണ വികസന മന്ത്രിയുമായ ഹിന്ദ് അല്‍ സുബൈഹ് വ്യക്തമാക്കിയിരിക്കുന്നത്. സ്വകാര്യ മേഖലയില്‍ വിദേശികളായ തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുന്ന പ്രശ്‌നം സംബന്ധിച്ച് ഖലീല്‍ അബ്ദുള്ള എം.പിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. വികസന പദ്ധതികളെ ബാധിക്കാത്ത വിധത്തില്‍ വിദേശികളായ തൊഴിലാളികളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും ഇവര്‍ക്ക് രാജ്യത്ത് തങ്ങാവുന്നതിന് കാലാവധി നിശ്ചയിക്കാനും മന്ത്രാലയം പദ്ധതി തയാറാക്കിയിട്ടുണ്ട്.
നിലവില്‍ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫോര്‍മേഷന്റെ കണക്ക് പ്രകാരം സ്വദേശികളും വിദേശികളുമടക്കം 43,6000 ജനങ്ങളാണ് രാജ്യത്തുള്ളത്. ഇതില്‍ 30 ലക്ഷത്തിലധികവും വിദേശികളാണ്. അതുകൊണ്ട്, കുവൈറ്റ് ജനതയുടെ എണ്ണത്തില്‍ കുറവുമാത്രം വിദേശികളെ ഉള്‍ക്കൊള്ളുകയാണ് ലക്ഷ്യം. ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് കര്‍ശന നിയന്ത്രണവും മാനദണ്ഡവും ഏര്‍പ്പെടുത്തും. വിവിധ കമ്പനികള്‍ക്ക് യഥാര്‍ഥത്തില്‍ ആവശ്യമായ തൊഴിലാളികളുടെ എണ്ണം നിര്‍ണയിക്കുന്നതിനും റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട നടപടികളും കൂടുതല്‍ കര്‍ശനമാക്കും. വിസ കച്ചവടം ഒഴിവാക്കാനുള്ള നടപടികളും കര്‍ശനമായി തുടരും. രാജ്യത്തെ വിവിധ വികസന പദ്ധതികള്‍ക്കായി പ്രതിവര്‍ഷം 68,317 തൊഴിലാളികളുടെ ആവശ്യമേയുള്ളുവെന്ന് മന്ത്രി വ്യക്തമാക്കി.