കുവൈറ്റില്‍ വീണ്ടും മയക്ക് മരുന്ന് വേട്ട; മയക്കുമരുന്ന് ഗുളികകളുടെ വന്‍ശേഖരം പിടികൂടി

12.14 PM 07-09-2016
Illegal-drugs
കുവൈറ്റ് സിറ്റി: എയര്‍ കംപ്രസറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് രാജ്യത്തേക്കു കടത്താന്‍ ശ്രമിച്ച ക്യാപ്റ്റഗണ്‍ ഗുളികകളുടെ വന്‍ശേഖരം വീണ്ടും പിടികൂടി. ഏകദേശം മൂന്നു ദശലക്ഷത്തിലധികം ഗുളികകളാണ് പിടിച്ചെടുത്തത്. കുവൈറ്റിലേയ്‌ക്കെത്തുന്ന ചരക്കു കപ്പലിലെ ഒരു കണ്ടെയ്‌നറില്‍ മയക്കുമരുന്ന് നിറച്ചിട്ടുണ്ടെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റിനു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നു നടത്തിയ നിരീക്ഷണത്തിലാണ് ഇവ പിടികൂടിയത്.
രാജ്യത്ത് എത്തുന്നതുവരെ ഈ കണ്ടെയ്‌നറിനെ സസൂക്ഷ്മം നിരീക്കുകയും തുറമുഖത്തുനിന്നും ഉടമസ്ഥന് വിട്ടുകൊടുക്കുന്നതിനു തൊട്ടുമുമ്പ് റെയ്ഡ് നടത്തി ലഭിച്ച വിവരം ശരിയാണെന്ന് ഉറപ്പാക്കുകയുമായിരുന്നു. മയക്കുമരുന്ന് വന്‍തോതില്‍ രാജ്യത്തെത്തുന്നതായി ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ കുറെ നാളുകളായി കുവൈറ്റില്‍ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.
പ്രാദേശിക വിപണിയില്‍ 25 ദശലക്ഷം ദിനാര്‍ വിലവരുന്ന പത്തു ദശലക്ഷം ക്യാപ്റ്റഗണ്‍ ഗുളികകളാണ് ജൂലൈയില്‍ അധികൃതര്‍ പിടിച്ചെടുത്തത്. 1960 കളില്‍ വികസിപ്പിച്ചെടുത്ത ഉത്തേജക മയക്കുമരുന്നാണ് ക്യാപ്റ്റഗണ്‍. വ്യാപകമായ ദുരുപയോഗം നിമിത്തം 1980 കളില്‍ ഈ മരുന്ന് നിരോധിച്ചിരുന്നു. എങ്കിലും ചില രാജ്യങ്ങളിലെ ചെറുകിട ലാബുകളിലാണ് അനധികൃതമായി ഈ മരുന്ന് ഇപ്പോള്‍ ഉല്‍പാദിപ്പിക്കുന്നത്. യുദ്ധമുഖത്തുള്ള ചില ഭീകര സംഘടനകള്‍ തങ്ങളുടെ അണികള്‍ക്ക് ശക്തിയും ശൗര്യവും പകരാനായി ഈ മരുന്ന് വ്യാപകമായി ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.