കെജ് രിവാളിനും ഷീലാ ദീക്ഷിതിനും എതിരെ അഴിമതികേസ്

01:28pm 21/06/2016
download (1)
ന്യൂഡൽഹി: ഡൽഹി-കേന്ദ്ര സർക്കാറുകൾ തമ്മിലുള്ള കലഹം രൂക്ഷമാക്കിക്കൊണ്ട് ഡൽഹി മുഖ്യമന്ത്രി കെജ് രിവാളിനും മുൻമുഖ്യമന്ത്രി ഷീലാ ദീക്ഷിതിനുമെതിരെ അഴിമതി നിരോധ വിഭാഗം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ദീക്ഷിതിനേയും കെജ് രിവാളിനേയും ചോദ്യം ചെയ്യാനായി വിളിപ്പിച്ചേക്കുമെന്ന് ആന്‍റി കറപ്ഷൻ ബ്യൂറോ മേധാവി മുകേഷ് മീണ അറിയിച്ചു. അഴിമതി നിരോധ നിയമത്തിലെ 120 ബി, 409 വകുപ്പുകൾ അനുസരിച്ചാണ് ഇവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

2012ൽ ഷീലാ ദീക്ഷിത് ജൽബോർഡ് ചെയർ പേഴ്സണായിരിക്കെ സ്വകാര്യ കമ്പനികൾക്ക് വാട്ടർ ടാങ്കുകൾ വാങ്ങാൻ ടെൻഡർ നൽകിയതാണ് കേസിന് ആസ്പദമായ സംഭവം. കഴിഞ്ഞ വർഷം ആം ആദ്മി സർക്കാർ ഇതേക്കുറിച്ച് അന്വേഷിക്കാനായി നിയമിച്ച കമ്മിറ്റി 400 കോടി രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തിയിരുന്നു.

എന്നാൽ വിവാദമായ കരാർ റദ്ദാക്കിയില്ല എന്നാരോപിച്ച് കെജ് രിവാളിനെതിരെയും കേസെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് വിജേന്ദർ ഗുപ്ത പരാതി നൽകിയിരുന്നു. പരാതിയും കമ്മിറ്റി റിപ്പോർട്ടും പരിഗണിച്ചാണ് ഇരുവർക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്ന് മീണ അറിയിച്ചു.