കൊച്ചി മെട്രോ നിര്‍മ്മാണം; മുഖ്യമന്ത്രി നേരിട്ട്‌ വിലയിരുത്തും

04:10pm 6/6/2016
download (1)
കൊച്ചി : കൊച്ചി മെട്രോ റെയില്‍ 2017 മാര്‍ച്ചില്‍ യാഥാര്‍ത്ഥ്യമാകത്തക്ക വിധം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്‌ജിതമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. കൊച്ചി മെട്രോയുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടന്ന യോഗത്തിലാണ്‌ തീരുമാനം.
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ത്രൈമാസാടിസ്‌ഥാനത്തില്‍ ലക്ഷ്യം വച്ച്‌ മുന്നോട്ട്‌ പോകണമെന്നും ത്രൈമാസ റിപ്പോര്‍ട്ട്‌ ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. നിര്‍മ്മാണ പുരോഗതി മുഖ്യമന്ത്രി നേരിട്ട്‌ വിലയിരുത്തും. ഇ. ശ്രീധരന്റെ സൗകര്യം കൂടി പരിഗണിച്ച്‌ കെ.എം. ആര്‍. എല്‍., ഡി.എം.ആര്‍. സി. എന്നിവയുടെ സംയുക്‌തയോഗം അധികം വൈകാതെ വിളിച്ച്‌ ചേര്‍ക്കാനും യോഗം തീരുമാനിച്ചു.
കൊച്ചിമെട്രോ റെയിലിന്റെ ഇപ്പോഴത്തെ സ്‌ഥിതി, ഭാവി പദ്ധതി എന്നിവ കെ.എം. ആര്‍. എല്‍. മാനേജിങ്‌ ഡയറക്‌ടര്‍ ഏലിയാസ്‌ ജോര്‍ജ്‌ വിശദീകരിച്ചു. കെ.എം. ആര്‍. എല്‍. ഉന്നതതല മാനേജ്‌മെന്റ്‌ സംഘവും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. അഡീഷണല്‍ ചീഫ്‌സെക്രട്ടറി നളിനിനെറ്റോ, ഐ.ടി. സെക്രട്ടറി എം.ശിവശങ്കര്‍, മെട്രോ റെയില്‍ ഡയറക്‌ടര്‍(സിസ്‌റ്റംസ്‌) പ്രവീണ്‍ ഗോയല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.