കെ എം മാണിക്കെതിരെ പുതിയ തെളിവുകളുണ്ടെന്ന് വിജിലന്‍സ്

10:35 am 29/9/2016
download (20)
കൊച്ചി: ബാര്‍ കോഴക്കേസില്‍ കെ എം മാണിക്കെതിരെ പുതിയ തെളിവുകള്‍ നല്‍കാന്‍ തയ്യാറായി രണ്ട് സാക്ഷികള്‍ മുന്നോട്ട് വന്നിട്ടുണ്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയിൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമായും തുടരന്വേഷണം നടത്താന്‍ തീരുമാനിച്ചതെന്ന് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വിജിലൻസ് വ്യക്തമാക്കി. സത്യവാങ്മൂലത്തിന്‍റ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടത്തുന്നതിനെതിരെ കെ എം മാണി ഹൈക്കോടതിയില്‍ സര്‍പ്പിച്ച ഹര്‍ജിയിലാണ് വിജിലന്‍സ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.
തുടരന്വേഷണം തീരുമാനിക്കാനുണ്ടായ സാഹചര്യം ഇതില്‍ വിശദമാക്കുന്നുണ്ട്. നേരത്തെ മൊഴിയെുടത്ത രണ്ട് സാക്ഷികള്‍ പുതിയ തെളിവുകള്‍ നല്‍കാന്‍ തയ്യാറായി മുന്നോട്ട് വന്നു. ഇക്കാര്യമറിയിച്ച് സാക്ഷികള്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.ഒരു അഭിഭാഷകനും ഇക്കാര്യത്തില്‍ വിജിലന്‍സിന് പരാതി നല്‍കി. മാത്രമല്ല, സത്യം പുറത്ത് കൊണ്ടു വരാന്‍ തുടരന്വേഷണം നടത്തണമെന്ന നിയമോപേദശവും ലഭിച്ചു. ഇതിന്റെ അടിസഥാനത്തിലാണ് തുടരന്വേഷണത്തിന് തീരുമാനിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ നജുമല്‍ ഹസ്സന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളില്‍ നിന്ന് നിരവധി രേഖകള്‍ പിടിച്ചെടുത്തു. മൂന്ന് സാക്ഷികളില്‍ നിന്ന് മൊഴിയെടുത്തു. മാത്രമല്ല കേസ് അട്ടിമറിച്ചു എന്നാരോപണത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സിന്റെ മുന്‍ ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഡി, മുന്‍അന്വേഷണ ഉദ്യോഗ്സഥന്‍ ആര്‍ സുകേശന്‍ എന്നിവര്‍ക്കെതിരെ പ്രാഥമിക അന്വേഷണം നടക്കുകയാണ്.
വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് അന്വേഷണം. ഈ സാഹചര്യത്തില്‍ ബാര്‍ കോഴക്ക് പിന്നിലെ സത്യം കണ്ടെത്താനുള്ള വിജിലന്‍സിന്റെ അന്വേഷണം തടയരുതെന്ന് സത്യവാങ്മൂലത്തില്‍ അപേക്ഷിക്കുന്നു. കേസില്‍ വാദം കേള്‍ക്കാന്‍ അടുത്ത മാസം ആറിലേക്ക് മാറ്റിയിരിക്കുകയാണ്. മുതിര്‍ന്ന അഭിഭാഷകന്‍ എം കെ ദാമോദരനാണ് മാണിക്ക് വേണ്ടി ഹാജരാകുന്നത്.